മലപ്പുറം:തിരൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം പുറത്തറിയുന്നത്. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ഇർഫാനയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏകദേശം നാലുമാസം മുൻപ് ഇർഫാനയുടെ മാതാവ് മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇർഫാന വലിയ മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നൽകുന്ന സൂചന. ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക: മാനസികമായ വെല്ലുവിളികൾ നേരിടുന്നവർക്കും അതിജീവനത്തിന് പ്രയാസമനുഭവിക്കുന്നവർക്കും സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ: 1056
മൈത്രി: 0484 2540530



