ഗസ: വടക്കൻ വെസ്റ്റ് ബാങ്കിലെ നബ്ലൂസിലുള്ള റഫിദിയ മേഖലയിൽ വ്യാഴാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് 15 വയസ്സുകാരനായ പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. തോളിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചതെന്ന് പലസ്തീൻ വാർത്താ ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ അല്ലെങ്കിൽ സായുധ പ്രവർത്തനങ്ങൾ ആരോപിച്ച് വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനും വീടുകളിൽ പരിശോധന നടത്തുന്നതിനുമായി വെസ്റ്റ് ബാങ്കിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായേൽ സൈന്യം രാപ്പകൽ ഭേദമില്ലാതെ റെയ്ഡുകൾ നടത്താറുണ്ട്.
പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ വർഷം ആരംഭിച്ച് നാല് മാസത്തിനുള്ളിൽ മാത്രം 16 പലസ്തീനികളാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 13 വയസ്സുള്ള കുട്ടികൾ മുതൽ 60 വയസ്സുള്ള മുതിർന്നവർ വരെയുണ്ട്.വാൾ ആൻഡ് സെറ്റിൽമെന്റ് റെസിസ്റ്റൻസ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിൽ മാത്രം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാർ 497 അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനുപുറമെ ഇതേ കാലയളവിൽ ഇസ്രായേൽ സൈന്യം 1,322 റെയ്ഡുകളും നടത്തി.
ഹെബ്രോൺ, നബ്ലൂസ്, റാമല്ല, ജറുസലേം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളും നിയമവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. കിഴക്കൻ ജറുസലേം ഒഴിവാക്കിയുള്ള വെസ്റ്റ് ബാങ്ക് മേഖലയിൽ ഏകദേശം 30 ലക്ഷം പലസ്തീനികൾക്കൊപ്പം അഞ്ച് ലക്ഷത്തോളം ഇസ്രായേൽ കുടിയേറ്റക്കാരാണ് ഇപ്പോൾ താമസിക്കുന്നത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക നടപടികളും കുടിയേറ്റക്കാരുടെ അക്രമങ്ങളും സാധാരണക്കാരുടെ ജീവിതം അതീവ ദുഷ്കരമാക്കിയിരിക്കുകയാണ്..



