25 C
Saudi Arabia
Friday, April 24, 2026
spot_img

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം: ക്രൂരപീഡനത്തിന് ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയത് അതീവ ക്രൂരമായ പീഡനത്തിനൊടുവിലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് റിപ്പോർട്ട് സ്ഥിരീകരിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് പെണ്‍കുട്ടി കടുത്ത അക്രമത്തിന് ഇരയായിട്ടുണ്ട്. ഭാരമേറിയ വസ്തു കൊണ്ടുള്ള പ്രഹരമേറ്റ് മൂക്കിന്റെ അസ്ഥി തകരുകയും മുഖത്ത് മാരകമായ മുറിവുകളുണ്ടാകുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൈകാലുകളിലെ ചതവുകൾ അക്രമിയെ അവൾ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ തെളിവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴുത്തിലെ പേശികളിലുണ്ടായ രക്തസ്രാവവും തൈറോയ്ഡ് തരുണാസ്ഥിയിലേറ്റ ഒടിവുകളും കൊലപാതകത്തിന്റെ ഭീകരത വെളിവാക്കുന്നു.

പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ആന്തരിക അവയവങ്ങൾ, നഖങ്ങൾക്കിടയിലെ അവശിഷ്ടങ്ങൾ, സ്വാബ് സാമ്പിളുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബോധരഹിതയായ സമയത്ത് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ മാതാപിതാക്കൾ ജിമ്മിൽ പോയ സമയത്താണ് വീട്ടിലെ മുൻ ജോലിക്കാരനായ രാഹുൽ മീണ ഈ ക്രൂരകൃത്യം നടത്തിയത്. രാവിലെ 6.30-ഓടെ കോളനിയിൽ പ്രവേശിച്ച ഇയാൾ പെൺകുട്ടിയെ മർദ്ദിക്കുകയും തുടർന്ന് മൊബൈൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 7.20-ഓടെ ഇയാൾ വീട്ടിൽ നിന്ന് കടന്നുകളഞ്ഞതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഈ കൊലപാതകം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജസ്ഥാനിലെ അൽവാറിൽ വെച്ച് തന്റെ സുഹൃത്തിന്റെ ഭാര്യയെയും ഇയാൾ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതീവ ക്രിമിനൽ സ്വഭാവമുള്ള പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. തലസ്ഥാന നഗരിയെ നടുക്കിയ ഈ കൊലപാതകത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles