2026 ഹജ്ജ് ഒരുക്കങ്ങൾ ഊർജ്ജിതം; സ്മാർട്ട് വാച്ചും മെട്രോ സർവീസും ഉൾപ്പെടെ ഹാജിമാർക്കായി വിപുലമായ സൗകര്യങ്ങൾ

മക്ക : 2026-ലെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ നടന്ന യോഗത്തിൽ ഐ.സി.എഫ്, ആർ.എസ്.സി, കെ.എം.സി.സി, തനിമ തുടങ്ങിയ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. വരാനിരിക്കുന്ന ഹജ്ജ് സീസണിൽ ഹാജിമാർക്കായി മുൻവർഷങ്ങളേക്കാൾ മികച്ച ഗുണനിലവാരമുള്ള താമസ സൗകര്യങ്ങൾ (ബിൽഡിംഗുകൾ) ഉറപ്പാക്കിയിട്ടുണ്ടെന്ന് കോൺസൽ ജനറൽ യോഗത്തെ അറിയിച്ചു. അമ്പതിനായിരത്തിലധികം വരുന്ന ഹാജിമാർക്കായി മദീന – മക്ക മെട്രോ സർവീസ് ഒരുക്കുന്നത് വലിയ നേട്ടമാകുമെന്ന് യോഗം വിലയിരുത്തി.

ഹാജിമാരുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുന്നതിന് നിരവധി നൂതന സാങ്കേതിക വിദ്യകളാണ് ഇത്തവണ ഹജ്ജ് മിഷൻ നടപ്പിലാക്കുന്നത്. മിനയിലെ ടെന്റുകളിൽ ഓരോ ഹാജിക്കും അനുവദിച്ച ബെഡുകളിൽ അവരുടെ വിവരങ്ങൾ പ്രിന്റ് ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തും. കൂടാതെ, ഹാജിമാർക്ക് തങ്ങളുടെ ടെന്റുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന പബ്ലിക് ടച്ച് സ്ക്രീൻ മാപ്പുകൾ മിനയിൽ സ്ഥാപിക്കും. ഓരോ തീർത്ഥാടകനും ആരോഗ്യ വിവരങ്ങളും ലൊക്കേഷനും ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന സ്മാർട്ട് വാച്ചുകൾ നൽകുന്നതാണ് ഈ വർഷത്തെ മറ്റൊരു പ്രധാന സവിശേഷത. ഹാജിമാർക്കായുള്ള സേവന പ്രവർത്തനങ്ങളിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി യോജിച്ചുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്നും സന്നദ്ധ സംഘടനകളുടെ സേവനം ഏറെ വിലപ്പെട്ടതാണെന്നും ഇന്ത്യൻ ഹജ്ജ് മിഷൻ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles