ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) വൻ രാഷ്ട്രീയ വിസ്ഫോടനം. മുതിർന്ന നേതാവ് രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭയിലെ ആകെയുള്ള പത്ത് എഎപി എംപിമാരിൽ ഏഴ് പേരും മറുകണ്ടം ചാടിയതോടെ സഭയിൽ പാർട്ടിയുടെ കരുത്ത് മൂന്നായി ചുരുങ്ങി. രാഘവ് ഛദ്ദയെക്കൂടാതെ സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, രാജേന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരാണ് എഎപി വിട്ടത്. മൂന്നിൽ രണ്ട് ഭാഗം എംപിമാരും ഒരുമിച്ച് പാർട്ടി വിട്ടതിനാൽ ഇവർക്ക് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കുമെന്നും അയോഗ്യതാ ഭീഷണി ഉണ്ടാവില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
“തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയായിരുന്നു താൻ” എന്ന് രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അണ്ണാ ഹസാരെയുടെ കാലത്തുണ്ടായിരുന്ന മൂല്യങ്ങളിൽ നിന്നും തത്വങ്ങളിൽ നിന്നും ആം ആദ്മി പാർട്ടി പൂർണ്ണമായും വ്യതിചലിച്ചുവെന്നും, പാർട്ടിയുടെ ഇപ്പോഴത്തെ ‘പാപങ്ങളിൽ’ പങ്കാളിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിന് പിന്നാലെ പാർട്ടിയുമായി അകൽച്ചയിലായിരുന്ന ഛദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസിത് ഭാരതത്തിനായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. ബിജെപി ആസ്ഥാനത്തെത്തിയ നേതാക്കളെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
അതേസമയം, രാജ്യസഭാ എംപിമാരുടെ കൂടുമാറ്റം പഞ്ചാബിലെ ജനങ്ങളോടുള്ള വലിയ വഞ്ചനയാണെന്ന് എഎപി നേതൃത്വം പ്രതികരിച്ചു. ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യുടെ ഭാഗമായാണ് ഈ നീക്കമെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു. പാർട്ടി വിട്ടവർക്കെതിരെ അയോഗ്യതാ നടപടികൾ ആവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷനെ സമീപിക്കുമെന്നും എഎപി വ്യക്തമാക്കി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ പിളർപ്പ് ഭഗവന്ത് മൻ സർക്കാരിനും അരവിന്ദ് കെജ്‌രിവാളിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്



