28.1 C
Saudi Arabia
Saturday, April 25, 2026
spot_img

ചാനിയംകടവ് വധശ്രമക്കേസ്: മൂന്ന് സിപിഎം പ്രവർത്തകർ കൂടി കീഴടങ്ങി; ആകെ അറസ്റ്റ് നാലായി

വടകര: വടകര തിരുവള്ളൂർ ചാനിയംകടവിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സി.പി.എം പ്രവർത്തകർ വടകര പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ചാനിയംകടവ് സ്വദേശികളായ സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് ശനിയാഴ്ച പൊലീസിന് മുന്നിൽ ഹാജരായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു. ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന ഒരാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന താഴെക്കുറ്റിയിൽ യൂസഫ് എന്ന ലീഗ് പ്രവർത്തകനെയാണ് സംഘം വധിക്കാൻ ശ്രമിച്ചത്. ചാനിയംകടവിൽ വെച്ച് യൂസഫിനെ തടഞ്ഞുനിർത്തി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിന് ശേഷം യൂസഫിന്റെ കൈവശമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും പ്രതികൾ കവർന്നതായും ആരോപണമുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യൂസഫ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ അക്രമമെന്നാണ് പൊലിസ് വിലയിരുത്തുന്നത്. നേരത്തെ ഇതേ പ്രദേശത്ത് ഒരു സി.പി.എം പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ലീഗ് പ്രവർത്തകന് നേരെ നടന്ന അക്രമത്തിന് പിന്നിലെ പ്രധാന കാരണമെന്ന് കരുതപ്പെടുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നത്. വടകര സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാഷ്ട്രീയ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ചാനിയംകടവ് മേഖലയിൽ വലിയ പോലീസ് സന്നാഹത്തെയാണ് കാവലിനായി നിയോഗിച്ചിട്ടുള്ളത്..

 

Related Articles

- Advertisement -spot_img

Latest Articles