27.2 C
Saudi Arabia
Sunday, April 26, 2026
spot_img

അറബിക്കടലിൽ യുഎസ് നാവികസേനയുടെ ‘കപ്പൽവേട്ട’; ഇറാൻ്റെ എണ്ണക്കടത്ത് തടഞ്ഞു, ഉപരോധം ശക്തം

വാഷിംഗ്ടൺ/റിയാദ്: ഇറാനിയൻ എണ്ണയും പ്രകൃതിവാതകവും വിദേശ വിപണികളിലേക്ക് അനധികൃതമായി എത്തിക്കുന്ന ‘ഷാഡോ ഫ്ലീറ്റിൽ’ ഉൾപ്പെട്ട ‘സെവൻ’ എന്ന ചരക്കുക്കപ്പൽ യുഎസ് സെൻട്രൽ കമാൻഡ് അറബിക്കടലിൽ തടഞ്ഞു. ശനിയാഴ്ച നടന്ന ഓപ്പറേഷനിൽ, മിസൈൽ വിനാശിനിയായ യുഎസ്എസ് പിങ്ക്നിയിൽ നിന്നുള്ള നാവികസേനാ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് കപ്പൽ തടഞ്ഞത്. യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് ഉപരോധം ഏർപ്പെടുത്തിയ 19 കപ്പലുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ കപ്പലെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അമേരിക്കൻ സൈന്യത്തിൻ്റെ നിർദ്ദേശപ്രകാരം കപ്പൽ ഇപ്പോൾ ഇറാൻ തീരത്തേക്ക് തന്നെ തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്.

ഇറാൻ്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ-വാതക കയറ്റുമതി തടയാൻ ഏപ്രിൽ 13-നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി നാവിക ഉപരോധം പ്രഖ്യാപിച്ചത്. ‘ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നടപടിയിലൂടെ ഇതുവരെ 37 കപ്പലുകളെ ഇറാനിലേക്ക് തന്നെ സൈന്യം തിരിച്ചയച്ചിട്ടുണ്ട്. ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ തുടങ്ങിയ വാതക ഉൽപ്പന്നങ്ങളാണ് ഇത്തരം കപ്പലുകൾ വഴി ഇറാൻ രഹസ്യമായി വിദേശത്തേക്ക് കടത്തുന്നത്.

ഹോർമുസ് കടലിടുക്കിൽ മൈനുകൾ പാകി ഇറാൻ ഗതാഗതം തടസ്സപ്പെടുത്തിയതിനെത്തുടർന്ന് മേഖലയിൽ കടുത്ത സംഘർഷം നിലനിൽക്കുകയാണ്. ഇന്ധന വിതരണം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ചെയ്തു. പശ്ചിമേഷ്യയിൽ മൂന്ന് വിമാനവാഹിനിക്കപ്പലുകളെ വിന്യസിച്ചുകൊണ്ട് അമേരിക്ക സൈനിക സമ്മർദ്ദം തുടരുകയാണ്. നയതന്ത്ര ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് അയക്കാമെന്നേറ്റ പ്രത്യേക ദൂതൻ്റെ യാത്ര ട്രംപ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഉപരോധം പിൻവലിക്കാതെ ചർച്ചകൾക്കില്ലെന്ന് ഇറാനും വിട്ടുവീഴ്ചയില്ലെന്ന് അമേരിക്കയും വ്യക്തമാക്കിയതോടെ മേഖലയിലെ സമാധാന ശ്രമങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

 

Related Articles

- Advertisement -spot_img

Latest Articles