30.9 C
Saudi Arabia
Sunday, April 26, 2026
spot_img

സമാധാന ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇറാൻ; ഖത്തർ പ്രധാനമന്ത്രിയുമായി അരാഗ്ചി ചർച്ച നടത്തി

ദോഹ/ഇസ്‌ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ വെടിനിർത്തൽ പ്രക്രിയ നേരിടുന്ന വെല്ലുവിളികളും യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളും അദ്ദേഹം ഖത്തർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരമായ പരിഹാരങ്ങളാണ് ഏക പോംവഴിയെന്ന് ഇരു നേതാക്കളും ആവർത്തിച്ചു. സമുദ്രപാതകൾ തുറന്നിടേണ്ടതിന്റെയും ആഗോള ഇന്ധന-ഭക്ഷ്യ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളിൽ കനത്ത അനിശ്ചിതത്വം തുടരുകയാണ്. അരാഗ്ചി പാകിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് തൊട്ടുപിന്നാലെ, തന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫിന്റെയും ജാറെഡ് കുഷ്‌നറുടെയും ഇസ്‌ലാമാബാദ് സന്ദർശനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. യാത്രകൾക്കായി വളരെയധികം സമയം പാഴാകുന്നുവെന്നും ഇറാന്റെ ഭരണനേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പിന്മാറ്റം. സമാധാനത്തിനായി തങ്ങളുടെ പക്കൽ മികച്ച നിർദ്ദേശങ്ങളുണ്ടെന്നും ഇറാനാണ് ചർച്ചകൾക്കായി മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഉപരോധവും വിദേശ സൈനിക സാന്നിധ്യവും ചർച്ചകൾക്ക് തടസ്സമായി തുടരുന്ന സാഹചര്യത്തിൽ, ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥ ശ്രമങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

Related Articles

- Advertisement -spot_img

Latest Articles