34.4 C
Saudi Arabia
Monday, April 27, 2026
spot_img

ലിവിങ്-ടുഗദർ ബന്ധങ്ങൾ തകരുന്നത് ക്രിമിനൽ കുറ്റമായി കാണാനാവില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹബന്ധത്തിന് പുറത്തുള്ള ലിവിങ്-ടുഗദർ ബന്ധങ്ങൾ തകരുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നൽകിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് ബി.വി. നാഗരത്നയുടേതാണ് ഈ സുപ്രധാന നിരീക്ഷണം. വിവാഹമെന്ന നിയമപരമായ കെട്ടുറപ്പില്ലാതെ ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുമ്പോൾ അതിൽ സ്വാഭാവികമായും ചില അപകടസാധ്യതകൾ ഉണ്ടെന്നും, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ പിന്നീട് എങ്ങനെയാണ് ബലാത്സംഗ കുറ്റമായി മാറുന്നതെന്നും കോടതി ചോദിച്ചു.

വർഷങ്ങളോളം വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുകയും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടാവുകയും ചെയ്ത ശേഷം ബലാത്സംഗം, മർദനം എന്നീ പരാതികളുമായി വരുന്നത് കോടതി ചോദ്യം ചെയ്തു. ഇത്തരം കാര്യങ്ങൾ ചോദിക്കുന്നത് ഇരയെ അപമാനിക്കലല്ലെന്നും, മറിച്ച് പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ക്രിമിനൽ കുറ്റം എവിടെയാണ് വരുന്നത് എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കേസിൽ ഗൗരവകരമായ ചില ആരോപണങ്ങളും ഹരജിക്കാരിയുടെ അഭിഭാഷകൻ ഉയർത്തിയിട്ടുണ്ട്. ഹരജിക്കാരിക്ക് 18 വയസ്സുള്ളപ്പോഴാണ് പ്രതി വിവാഹ വാഗ്ദാനം നൽകി ഒപ്പം കൂട്ടിയതെന്നും, ഇയാൾക്ക് മറ്റ് നാല് ഭാര്യമാരുണ്ടായിരുന്ന വിവരം യുവതിയിൽ നിന്ന് മറച്ചുവെച്ചുവെന്നുമാണ് വാദം. സമാനമായ രീതിയിൽ മറ്റ് സ്ത്രീകളെയും ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. ലിവിങ്-ടുഗദർ ബന്ധങ്ങളിലെ നിയമപരമായ സങ്കീർണ്ണതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.

 

Related Articles

- Advertisement -spot_img

Latest Articles