കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി മുസ്ലീം ലീഗ് ഒരുക്കിയ സ്നേഹഭവനങ്ങൾ സജ്ജമായി. 2024 ജൂലൈ 30-ന് പുഞ്ചിരിമട്ടത്തും പരിസരത്തുമായി പുഞ്ചിരി മാഞ്ഞുപോയ 51 കുടുംബങ്ങൾ വെള്ളിത്തോടിലെ പുതിയ വീടുകളിലേക്ക് ഇന്ന് വലതുകാൽ വെച്ച് കയറി. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിക്കാനായതിന്റെ സംതൃപ്തിയിൽ മുസ്ലീം ലീഗ് നേതാക്കളും പ്രവർത്തകരും പങ്കുചേർന്നപ്പോൾ വെള്ളിത്തോട് ഗ്രാമം വികാരനിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, പി.കെ. ബഷീർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ അതിഥികളായെത്തി.
ആദ്യഘട്ടത്തിൽ 51 കുടുംബങ്ങൾക്കാണ് താക്കോൽ കൈമാറിയത്. ബാക്കിയുള്ള 54 കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന വീടുകൾ ജൂൺ 15-നും സെപ്റ്റംബറിലുമായി കൈമാറുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കേവലം ഒരു വീട് എന്നതിലുപരി, ഓരോ കുടുംബത്തിനും ആവശ്യമായ ഫർണിച്ചറുകൾ, മിക്സി, ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങൾ എന്നിവയെല്ലാം സജ്ജീകരിച്ചാണ് ഇവരെ പുതിയ ജീവിതത്തിലേക്ക് ആനയിച്ചത്. എട്ട് സെന്റ് സ്ഥലത്ത് 1060 ചതുരശ്ര അടിയിലാണ് ഓരോ സ്നേഹഭവനവും നിർമ്മിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിന്റെ ഭീതിയില്ലാതെ, മഴയെയും കാറ്റിനെയും ഭയപ്പെടാതെ ഇനി ഈ കുടുംബങ്ങൾക്ക് സമാധാനമായി അന്തിയുറങ്ങാം. കൽപ്പറ്റ ടൗണിൽ നിന്ന് എട്ട് കിലോമീറ്ററും മേപ്പാടിയിൽ നിന്ന് അഞ്ച് കിലോമീറ്ററും മുട്ടിൽ ടൗണിൽ നിന്ന് നാല് കിലോമീറ്ററും ദൂരത്തിലാണ് ഈ പുനരധിവാസ ഗ്രാമം സ്ഥിതി ചെയ്യുന്നത്.



