ആദ്യ സൗദി സൈനിക ചരിത്ര ഫോറം സെപ്റ്റംബറിൽ; ചരിത്രരേഖകൾ സമാഹരിക്കാൻ പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയുടെ സൈനിക പൈതൃകം രേഖപ്പെടുത്തുന്നതിനും സായുധ സേനയുടെ ചരിത്രം ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനുമായി രാജ്യത്തെ ആദ്യ ‘സൗദി മിലിട്ടറി ഹിസ്റ്ററി ഫോറം’ വരും സെപ്റ്റംബറിൽ സംഘടിപ്പിക്കുന്നു. കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ, തായിഫ് യൂണിവേഴ്സിറ്റിയിലെ തായിഫ് ഹിസ്റ്ററി സെന്റർ എന്നിവയുമായി സഹകരിച്ചാണ് പ്രതിരോധ മന്ത്രാലയം ഈ ബൃഹദ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപന കാലം മുതൽ ഇന്നുവരെയുള്ള സൈനിക വളർച്ചയുടെ സമഗ്രമായ ചിത്രം പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും സൗദി സൈന്യത്തിന്റെ രൂപീകരണത്തിൽ തായിഫ് ഗവർണറേറ്റ് വഹിച്ച പങ്കിനും ഫോറത്തിൽ വലിയ പ്രാധാന്യം നൽകും.

സൈനിക ശാസ്ത്രം, ചരിത്രം എന്നീ മേഖലകളിലെ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിക്കുന്നത്. ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം, പാനൽ ചർച്ചകൾ, ചരിത്ര പ്രദർശനങ്ങൾ, ചരിത്രപരമായ സൈനിക കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഫോറത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മെയ് 15-നകം ഗവേഷണ സംഗ്രഹങ്ങളും ജൂൺ 30-നകം പൂർണ്ണമായ പ്രബന്ധങ്ങളും സമർപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ സൈനിക സ്ഥാപനങ്ങളും അക്കാദമിക് മേഖലയും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഈ ഫോറം സഹായിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

 

Related Articles

- Advertisement -spot_img

Latest Articles