31 C
Saudi Arabia
Tuesday, April 28, 2026
spot_img

ഒപെക് സഖ്യം വിട്ട് യുഎഇ; ആഗോള എണ്ണ വിപണിയിൽ കനത്ത ആഘാതം

അബുദാബി: എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്നും ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പിന്മാറി. ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയും സമ്പദ്‌വ്യവസ്ഥയും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് യുഎഇയുടെ ഈ നിർണ്ണായക നീക്കം. മെയ് 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനും വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. 1967 മുതൽ ഒപെക്കിൽ അംഗമായിരുന്ന യുഎഇയുടെ പിന്മാറ്റം സഖ്യത്തിന്റെ നട്ടെല്ലായ സൗദി അറേബ്യയ്ക്കും വലിയ തിരിച്ചടിയാണ്.

ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ സുരക്ഷാ ഭീഷണികളും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ യുഎഇയെ സംരക്ഷിക്കാൻ മറ്റ് അറബ് രാജ്യങ്ങൾ വേണ്ടത്ര ശ്രമിച്ചില്ലെന്ന കടുത്ത അതൃപ്തിയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾ രാഷ്ട്രീയമായും സൈനികമായും ചരിത്രത്തിലെ ഏറ്റവും ദുർബലമായ നിലപാടാണ് സ്വീകരിച്ചതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ‘ഗൾഫ് ഇൻഫ്ലുവൻസർ ഫോറത്തിൽ’ കുറ്റപ്പെടുത്തിയിരുന്നു. ഇറാൻ്റെ ആക്രമണങ്ങൾക്കെതിരെ അയൽരാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നതാണ് യുഎഇയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

അതേസമയം, ഒപെകിന്റെ നയങ്ങളെ നിരന്തരം വിമർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യുഎഇയുടെ തീരുമാനം വലിയ വിജയമായി. ഒപെക് രാജ്യങ്ങൾ എണ്ണവില കൃത്രിമമായി ഉയർത്തി ലോകത്തെ കൊള്ളയടിക്കുകയാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് നൽകുന്ന സൈനിക സഹായം എണ്ണവിലയുമായി ബന്ധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പും നിലവിലെ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. യുഎഇയുടെ പിന്മാറ്റത്തോടെ ആഗോള എണ്ണ വിപണിയിൽ വിതരണവും വിലയും സംബന്ധിച്ച കൂടുതൽ അനിശ്ചിതത്വങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2027-ഓടെ എണ്ണ ഉൽപ്പാദനം പ്രതിദിനം 50 ലക്ഷം ബാരലായി ഉയർത്താനാണ് യുഎഇ ഇപ്പോൾ ലക്ഷ്യമിടുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles