26.9 C
Saudi Arabia
Tuesday, April 28, 2026
spot_img

“എന്തിനീ പിടിവാശി?”; ഉദ്യോഗസ്ഥരുടെ വോട്ട് തടയുന്നതിൽ കമ്മീഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വോട്ടെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉറപ്പാക്കുന്നതിൽ കമ്മീഷൻ എന്തിനാണ് ഇത്രയധികം പിടിവാശി കാണിക്കുന്നത് എന്ന് കോടതി ചോദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തി വോട്ട് ചെയ്യാത്തവർക്ക് ഇനി അവസരം നൽകാനാവില്ലെന്ന കമ്മീഷന്റെ നിലപാടാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. സംസ്ഥാനത്ത് ഏകദേശം 20,000-ത്തോളം ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ വോട്ടവകാശം നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പോസ്റ്റൽ ബാലറ്റുകൾ കൃത്യസമയത്ത് ലഭ്യമാക്കാത്തതും വിതരണത്തിലെ പിഴവുകളും കാരണം വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ആനുകൂല്യം നൽകാനാവില്ലെന്ന് പറയുന്നത് ജനാധിപത്യപരമായ നടപടികൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് ഈ ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ എന്തുകൊണ്ട് സൗകര്യമൊരുക്കിക്കൂടാ എന്ന് ചോദിച്ച കോടതി, വിഷയത്തിൽ കമ്മീഷന്റെ വിശദമായ മറുപടിയും ആവശ്യപ്പെട്ടു. വോട്ടവകാശം എന്നത് മൗലികമായ ഒന്നാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി. വോട്ടെടുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

 

Related Articles

- Advertisement -spot_img

Latest Articles