നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം; ആദ്യ തീർത്ഥാടക സംഘം നാളെ പുറപ്പെടും

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഇന്ന് (2026 ഏപ്രിൽ 29) ആരംഭിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള സിയാൽ എയ്‌റോ പാർക്കിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. തീർത്ഥാടകരെ സ്വീകരിക്കുന്നതിനായുള്ള വിപുലമായ സൗകര്യങ്ങളാണ് ഇവിടെ പൂർത്തിയായിരിക്കുന്നത്. എയ്‌റോ പാർക്കിലെ കെട്ടിടങ്ങൾക്ക് പുറമെ 1.30 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ താൽക്കാലിക പന്തലുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 1200 പേർക്ക് താമസിക്കാനും 600 പേർക്ക് നിസ്‌കരിക്കാനും കഴിയുന്ന വിധത്തിലാണ് ക്രമീകരണം. ക്യാമ്പിനോട് അനുബന്ധിച്ച് വിശാലമായ ഭക്ഷണശാല, അസംബ്ലി ഹാൾ, ഹജ്ജ് സെൽ, ഹജ്ജ് കമ്മിറ്റി ഓഫീസ് എന്നിവയ്ക്ക് പുറമെ അലോപ്പതി, ഹോമിയോ ആശുപത്രികളും പ്രവർത്തിക്കും.

നാളെ (ഏപ്രിൽ 30) ഉച്ചയ്ക്ക് 2.10-ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന ഫ്‌ളൈനാസ് എയർവെയ്സിന്റെ ആദ്യ വിമാനത്തിൽ 430 തീർത്ഥാടകരാണ് ഉണ്ടാകുക. ആദ്യ വിമാനത്തിൽ യാത്രയാകുന്നവർ ഇന്ന് വൈകുന്നേരം നാല് മണിക്കും ഏഴ് മണിക്കും ഇടയിൽ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലായ ടി3-യിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അവിടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലഗേജുകൾ എയർലൈൻസിന് കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക വാഹനത്തിൽ തീർത്ഥാടകരെ ക്യാമ്പിലേക്ക് എത്തിക്കും. തീർത്ഥാടകർ ജിദ്ദയിലാണ് ഇറങ്ങുക. അവിടെ നിന്നും റോഡ് മാർഗ്ഗം മക്കയിലെത്തി ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മദീന വിമാനത്താവളം വഴിയാണ് ഇവരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.

ഈ വർഷം കേരളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അനുമതി ലഭിച്ച 13,194 പേരിൽ 7943 പേർ നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയിന്റ് വഴിയാണ് യാത്രയാകുന്നത്. ഇവരെ കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 107 തീർത്ഥാടകരും നെടുമ്പാശ്ശേരി വഴിയാണ് വിശുദ്ധ ഭൂമിയിലേക്ക് പോകുന്നത്. ഹജ്ജ് ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും ഏകോപനം ഹജ്ജ് കമ്മിറ്റി ഉറപ്പാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles