24.4 C
Saudi Arabia
Wednesday, April 29, 2026
spot_img

അമേരിക്കൻ ഉപരോധം ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ; ഐക്യത്തിന് ആഹ്വാനം ചെയ്ത് മുഹമ്മദ് ബാഖർ ഖാലിബാഫ്

ടെഹ്‌റാൻ: ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം രാജ്യത്ത് ആഭ്യന്തര ഭിന്നിപ്പുണ്ടാക്കാനും ഭരണകൂടത്തെ ഉള്ളിൽ നിന്ന് തകർക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. ഇറാൻ്റെ സാമ്പത്തിക അടിത്തറ തകർത്ത് ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നത്. ഇറാൻ ജനതയെ തീവ്രവാദികളെന്നും മിതവാദികളെന്നും രണ്ട് തട്ടിലാക്കി മാറ്റാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുകയാണെന്നും, ഇതിലൂടെ രാജ്യത്തെ ദുർബലപ്പെടുത്തി കീഴടക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പകരമായാണ് അമേരിക്ക ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ശത്രു പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും സാമ്പത്തിക സമ്മർദ്ദത്തോടൊപ്പം മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ഇറാനെ തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ആഭ്യന്തര ഐക്യം നിലനിർത്തുക മാത്രമാണ് ഏക പോംവഴിയെന്നും ഖാലിബാഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ വെച്ച് നടന്ന അമേരിക്ക-ഇറാൻ നേരിട്ടുള്ള ചർച്ചകളിൽ ഇറാന്റെ പ്രധാന ചർച്ചക്കാരനായിരുന്നു ഖാലിബാഫ്. യുഎസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ ഇറാൻ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

 

Related Articles

- Advertisement -spot_img

Latest Articles