ദുബൈ: ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് പുറപ്പെട്ട ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല’ കപ്പൽവ്യൂഹത്തെ ഇസ്രായേൽ നാവികസേന തടഞ്ഞു. ഗ്രീക്ക് ദ്വീപായ ക്രീറ്റിന് സമീപം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് ഇസ്രായേൽ സൈനിക സ്പീഡ് ബോട്ടുകൾ സഹായക്കപ്പലുകളെ വളഞ്ഞത്. 58 കപ്പലുകൾ ഉൾപ്പെട്ട ഈ വ്യൂഹത്തെ ഗാസ തീരത്ത് എത്തുന്നതിന് നൂറുകണക്കിന് മൈലുകൾക്ക് മുമ്പേ തടഞ്ഞത് വലിയ അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സൈനികർ ആയുധങ്ങളുമായി കപ്പലുകളിൽ പ്രവേശിച്ചതായും വാർത്താവിനിമയ സംവിധാനങ്ങൾ ജാം ചെയ്തതായും ഫ്ലോട്ടില്ല സംഘാടകർ അറിയിച്ചു.
ലേസർ രശ്മികളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് സൈന്യം ഭീഷണിപ്പെടുത്തിയെന്നും സഹായപ്രവർത്തകരോട് കപ്പലിന്റെ മുൻഭാഗത്തേക്ക് മാറാൻ ഉത്തരവിട്ടെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ സഹായം എത്തിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് ഇസ്രായേൽ. എന്നാൽ, നിയമവിരുദ്ധമായ ഉപരോധം ലംഘിച്ച് ഗാസയിലെ ജനങ്ങൾക്ക് നേരിട്ട് ഭക്ഷണം എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സന്നദ്ധപ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ‘ഹന്ദല’ ഉൾപ്പെടെയുള്ള സഹായക്കപ്പലുകൾ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. മേഖലയിൽ ഇസ്രായേൽ ഉപരോധം ശക്തമാക്കുന്ന സാഹചര്യത്തിൽ, ഈ സൈനിക നീക്കം ഗാസയിലെ പട്ടിണി മരണങ്ങൾ വർധിപ്പിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.



