തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ; വിജയ്‌യുടെ സത്യപ്രതിജ്ഞ തടയാൻ ടി.ടി.വി ദിനകരൻ; വ്യാജരേഖകളെന്ന് ആരോപണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങവേ, രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുമായി എ.എം.എം.കെ നേതാവ് ടി.ടി.വി. ദിനകരൻ രംഗത്ത്. വിജയ്‌യുടെ സത്യപ്രതിജ്ഞ തടയണമെന്നും എടപ്പാടി പളനിസ്വാമിയെ (ഇ.പി.എസ്) മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് ദിനകരൻ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടു. നിലവിൽ വിജയ്‌ക്ക് ഭൂരിപക്ഷമില്ലെന്നും വ്യാജ രേഖകളുണ്ടാക്കിയാണ് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നതെന്നും ദിനകരൻ ആരോപിച്ചു. സർക്കാരുണ്ടാക്കാൻ ഗവർണർക്ക് മുന്നിൽ രണ്ടാമതൊരു അവകാശവാദം കൂടി എത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയം അതീവ കലുഷിതമായിരിക്കുകയാണ്.

വിജയ്‌ക്ക് കേവല ഭൂരിപക്ഷമില്ലെന്നതാണ് ദിനകരൻ പ്രധാനമായും ഉയർത്തുന്ന ആരോപണം. ഭൂരിപക്ഷം തെളിയിക്കാൻ വ്യാജ കത്തുകളാണ് ഹാജരാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിനകരനും പാർട്ടിയുടെ ഏക എം.എൽ.എയും ഒപ്പിട്ട കത്താണ് ഗവർണർക്ക് കൈമാറിയിരിക്കുന്നത്. ദിനകരന്റെ പരാതിയോടെ നാളെ നടക്കാനിരുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഭൂരിപക്ഷം കൃത്യമായി ഉറപ്പാക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ഗവർണർ.

നിലവിൽ 116 പേരുടെ പിന്തുണക്കത്ത് മാത്രമേ വിജയ് ഹാജരാക്കിയിട്ടുള്ളൂ എന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണമെന്നിരിക്കെ, ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഗവർണർക്ക് ഇതുവരെ പൂർണ്ണ ബോധ്യം വന്നിട്ടില്ല. ഈ രാഷ്ട്രീയ നീക്കങ്ങളോട് വിജയ് പക്ഷം എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോൾ തമിഴ്‌നാട് ഉറ്റുനോക്കുന്നത്. പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ കൃത്യമായ കണക്ക് ബോധ്യപ്പെടുത്തിയാൽ മാത്രമേ സർക്കാരുണ്ടാക്കാൻ ഗവർണർ വിജയിയെ ക്ഷണിക്കുകയുള്ളൂ.

 

Related Articles

- Advertisement -spot_img

Latest Articles