കൽപറ്റ : വയനാട് പഴയ വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), അദ്ദേഹത്തിന്റെ ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ എക്സ്പ്രസ് സർവീസായ ‘മിന്നൽ’ ബസാണ് അപകടത്തിൽപ്പെട്ടത്. പഴയ വൈത്തിരിയിൽ വെച്ച് ബസും ഓട്ടോറിക്ഷയും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല.



