ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ സുപ്രിംകോടതി; യു.എ.പി.എ കേസുകളിലും ജാമ്യം സ്വാഭാവിക നീതിയെന്ന് നിരീക്ഷണം

ന്യൂഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ ഉത്തരവിനെതിരെ നിർണായക നിരീക്ഷണങ്ങളുമായി സുപ്രിംകോടതി. ഇരുവർക്കും ജാമ്യം നിഷേധിച്ച സുപ്രിംകോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന്റെ മുൻ ഉത്തരവിനോടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കടുത്ത ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ പോലും ജാമ്യം എന്നത് വ്യക്തിയുടെ സ്വാഭാവിക നീതിയുടെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു കേസില്‍ കശ്മീര്‍ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാർ മുൻ ജാമ്യവിധിയിലെ അപാകതകൾ ചൂണ്ടിക്കാട്ടിയത്.

ഡല്‍ഹി കലാപത്തിന്റെ ആസൂത്രണം, ഗൂഢാലോചന, ആളുകളെ സംഘടിപ്പിക്കല്‍ എന്നിവയില്‍ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും യു.എ.പി.എ പ്രകാരം ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും വ്യക്തമാക്കിയായിരുന്നു മുൻപ് കോടതി ജാമ്യം നിഷേധിച്ചത്. ഇതേ കേസിലെ കൂട്ടുപ്രതികളായ ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍ റഹ്‌മാന്‍, മുഹമ്മദ് സലിം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ഉമര്‍ ഖാലിദിന്റെയും ഷര്‍ജീലിന്റെയും കുറ്റകൃത്യത്തിന്റെ സ്വഭാവം ഇവരില്‍ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു അന്ന് കോടതി എടുത്ത നിലപാട്. ഇതിന് പുറമെ, ജനുവരി അഞ്ചിലെ ഉത്തരവ് വന്ന് ഒരു വര്‍ഷം തികഞ്ഞ ശേഷം മാത്രമേ ഇരുവര്‍ക്കും പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ എന്ന അസാധാരണ നിബന്ധനയും മുൻ ബെഞ്ച് മുന്നോട്ടുവെച്ചിരുന്നു. ഈ കർശന നിലപാടുകൾക്കെതിരെയാണ് ഇപ്പോൾ സുപ്രിംകോടതിയിൽ നിന്ന് തിരുത്തൽ സ്വരത്തിലുള്ള പുതിയ നിരീക്ഷണം ഉണ്ടായിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles