തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും നടന്നു വരുന്ന ഇ.ഡി റെയ്ഡിനെക്കുറിച്ച് കേരളത്തിലെ ആഭ്യന്തര വകുപ്പിന് മുൻകൂട്ടി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്വേഷണ സംഘം കേരള പോലീസിന്റെ സഹായം തേടിയിട്ടില്ലെന്നും, കേന്ദ്രസേനയുടെ സംരക്ഷണത്തിലാണ് പരിശോധന നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഡി.ജി.പിയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സതീശൻ പ്രധാനമന്ത്രിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടന്നതെന്നതിനാൽ ഇത് കോൺഗ്രസ്-ബി.ജെ.പി ഗൂഢാലോചനയാണെന്ന ആരോപണങ്ങളെ രമേശ് ചെന്നിത്തല ശക്തമായി നിരാകരിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചതെന്നും, അതിനെ ഇ.ഡി റെയ്ഡുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വലിയ ബന്ധമുണ്ടായിരുന്നെന്നും, ആ ബന്ധം എങ്ങനെ പൊളിഞ്ഞുവെന്നും ഇപ്പോൾ എന്തുപറ്റിയെന്നും അദ്ദേഹം തിരിച്ചടിച്ചു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂരിലെ സ്വന്തം വീട്, മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി, മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട ഓഫീസുകൾ തുടങ്ങി സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തുന്നത്.



