സനാ: ചെങ്കടലിലൂടെ സർവീസ് നടത്തുകയായിരുന്ന രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ബാല്ലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി യമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതസേന. ‘എൻസെല’, ‘ലൈല’ എന്നീ സൗദി എണ്ണക്കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ആയുധങ്ങൾ പതിച്ച് ഇരു കപ്പലുകളിലും വൻ തീപിടുത്തമുണ്ടായെന്നും, ഇതോടെ പത്തോളം വരുന്ന മറ്റ് കപ്പലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സാധിക്കാതെ വഴിതിരിച്ചുവിടാൻ നിർബന്ധിതരായെന്നും ഹൂതികൾ അവകാശപ്പെട്ടു.
സൗദി അറേബ്യയ്ക്ക് നേരെ തങ്ങൾ പ്രഖ്യാപിച്ച സമുദ്ര ഉപരോധ തീരുമാനം ലംഘിച്ച് മുന്നോട്ട് പോയതിനാണ് ആക്രമണമെന്ന് ഹൂതി വക്താവ് വ്യക്തമാക്കി. യമൻ സർക്കാരും സൗദി സഖ്യസേനയും ചേർന്ന് തലസ്ഥാനമായ സനായിലെ വിമാനത്താവളത്തിൽ ബോംബാക്രമണം നടത്തിയത് ചോദ്യം ചെയ്താണ് ജൂലൈ 20 മുതൽ ഹൂതികൾ സൗദിക്കെതിരെ സമുദ്ര ഉപരോധം ഏർപ്പെടുത്തിയത്. ‘കണ്ണിന് കണ്ണ്’ എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കെതിരെയുള്ള ഉപരോധത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ഇവർ വ്യക്തമാക്കുന്നു. ആഗോള എണ്ണ കൈമാറ്റത്തിന്റെ പ്രധാന സമുദ്രപാതകളിലൊന്നായ ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയാണ് സൗദി എണ്ണക്കപ്പലുകൾ കടന്നുപോകുന്നത്. ആക്രമണത്തെക്കുറിച്ച് സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായെന്നും കപ്പലിൽ കനത്ത തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ ജീവനക്കാർ ശ്രമിക്കുകയാണെന്നും യുകെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു.
യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളെ തുടർന്ന് പേർഷ്യൻ ഗൾഫിലെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം പൂർണ്ണമായും തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ചെങ്കടൽ വഴിയുള്ള ബദൽ പാത ഉപയോഗിക്കാനാണ് സൗദി അറേബ്യ ശ്രമിച്ചിരുന്നത്. എന്നാൽ ബാബ് അൽ മന്ദബ് കടലിടുക്ക് കൂടി ഹൂതി ആക്രമണങ്ങൾ കാരണം അടയുന്നതോടെ, ലോകത്തെ ആകെ എണ്ണ-വാതക വിതരണത്തിന്റെ 25 ശതമാനത്തോളം സ്തംഭിക്കുമെന്നും ഇത് കടുത്ത ആഗോള സാമ്പത്തിക-ഇന്ധന പ്രതിസന്ധിക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ ഭയപ്പെടുന്നു.



