വൻ തിരിച്ചടിയായി ചെങ്കടൽ പാതയിലെ ഉപരോധം; ഇന്ത്യയിലേക്കുമുള്ള എണ്ണക്കപ്പലുകൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും എണ്ണയുമായി പുറപ്പെട്ട കൂറ്റൻ എണ്ണക്കപ്പലുകൾ യെമനിലെ ഹൂത്തി വിമതരുടെ ആക്രമണ ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടു. ചെങ്കടൽ പാതയിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ കപ്പലുകളാണ് യാത്ര പാതിവഴിയിൽ നിർത്തി സുരക്ഷിത പാതകളിലേക്ക് തിരിച്ചുവിട്ടത്. ബാബുൽ മന്ദബ് കടലിടുക്ക് വഴിയുള്ള തെക്കൻ പാത ഉപേക്ഷിച്ച് വടക്കോട്ട് സൂയസ് കനാലിന്റെ ദിശയിലേക്കാണ് ഈ കപ്പലുകൾ ഇപ്പോൾ തിരിഞ്ഞിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കപ്പലുകൾ വടക്കൻ പാതയിലേക്ക് മാറിയതോടെ ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള എണ്ണ ഗതാഗതത്തിന് ആഴ്ചകളുടെ കാലതാമസമുണ്ടാകും. ഇത് വലിയ യാത്രാച്ചെലവിനും മേഖലയിലെ ഇന്ധന വിതരണത്തിൽ കടുത്ത പ്രതിസന്ധിക്കും വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗദിയിലെ യാൻബു തുറമുഖത്ത് നിന്ന് 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ചൈനയിലേക്ക് പുറപ്പെട്ട ‘ഷിൻ ലോങ് യാങ്’, ഏഴ് ലക്ഷത്തോളം ബാരൽ ക്രൂഡുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന ‘റോഡോസ്’, ഇന്ത്യക്കായി എണ്ണ ലോഡ് ചെയ്ത ‘ആമസോൺ സൂയസ് മാക്സ്’ എന്നീ കപ്പലുകളാണ് റൂട്ട് മാറ്റിയത്. തിങ്കളാഴ്ച സൗദിക്കെതിരെ ഹൂത്തികൾ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സൗദി തുറമുഖങ്ങളിൽ നിന്ന് ചരക്ക് കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന കപ്പലുകൾ ഏത് ഘട്ടത്തിലും ആക്രമിക്കപ്പെടുമെന്ന് ഷിപ്പിങ് കമ്പനികൾക്ക് ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് മേഖലയിലേക്കുള്ള പ്രധാന കവാടമായ ഹുർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതിനാൽ, ചെങ്കടൽ തീരത്തുള്ള യാൻബു തുറമുഖമാണ് സൗദിയിൽ നിന്നുള്ള പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായി പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് എണ്ണയെത്തിക്കാൻ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ബാബുൽ മന്ദബ് കടലിടുക്ക് കടന്നേ മതിയാകൂ.

ഹൂത്തി ഭീഷണിയെ തുടർന്ന് കപ്പലുകൾ സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലിൽ പ്രവേശിച്ച് ആഫ്രിക്കൻ വൻകര ചുറ്റി ഏഷ്യയിലേക്ക് എത്തേണ്ടി വരുന്നത് ഇന്ധനച്ചെലവും യാത്രാസമയവും വലിയ തോതിൽ വർദ്ധിപ്പിക്കും. പൂർണ്ണമായി എണ്ണ നിറച്ച ചില വലിയ കപ്പലുകൾക്ക് സൂയസ് കനാലിലൂടെ കടന്നുപോകാൻ സാധിക്കാത്തതിനാൽ, എണ്ണയുടെ ഒരു ഭാഗം ഈജിപ്തിലെ പൈപ്പ് ലൈൻ മാർഗ്ഗം മെഡിറ്ററേനിയൻ തീരത്തെത്തിച്ച് വീണ്ടും കപ്പലിൽ കയറ്റേണ്ട സങ്കീർണ്ണമായ അവസ്ഥയാണുള്ളത്. മുൻ മാസങ്ങളിൽ ദിവസേന ശരാശരി 10 ക്രൂഡ് ഓയിൽ ടാങ്കറുകളാണ് ഈ വഴി കടന്നുപോയിരുന്നത്. ചെങ്കടൽ പാത പൂർണ്ണമായും തടസ്സപ്പെട്ടാൽ യാൻബുവിൽ നിന്നുള്ള എണ്ണ യൂറോപ്യൻ വിപണിയിലേക്ക് തിരിച്ചുവിടേണ്ടി വരുമെന്നും, ഇത് ഇന്ത്യയിലെയും ചൈനയിലെയും ഊർജ്ജ ആവശ്യങ്ങളെയും വിപണിയിലെ എണ്ണവിലയെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Related Articles

- Advertisement -spot_img

Latest Articles