മനാമ: പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘർഷാവസ്ഥയെ തുടർന്ന് ബഹ്‌റൈനിലേക്കും തിരിച്ചു മുള്ള വിമാന സർവീസുകൾ വീണ്ടും തടസ്സപ്പെട്ടു. കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷ മുൻനിർത്തി റിയാദിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി ഇറക്കി. നിലവിൽ വിമാനത്തിലെ യാത്രക്കാർ റിയാദിൽ തുടരുകയാണ്. ബഹ്‌റൈനിലെ വ്യോമപാതയിലെയും വിമാനത്താവളത്തിലെയും സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാൽ മാത്രമേ വിമാനം മനാമയിലേക്ക് യാത്ര തുടരുകയുള്ളൂ. സ്ഥിതി സാധാരണ നിലയിലായില്ലെങ്കിൽ യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ വിമാനം തിരികെ കോഴിക്കോട്ടേക്ക് അയക്കുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ബഹ്‌റൈനിൽ നിന്ന് ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് നടത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസും പൂർണ്ണമായും റദ്ദാക്കി. സ്കൂൾ അവധിക്കാലമായതിനാൽ നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന നിരവധിയായ മലയാളി കുടുംബങ്ങളും യാത്രക്കാരുമാണ് ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങിയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള അനവധി സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഉച്ചയ്ക്ക് ശേഷം ചില വിമാനക്കമ്പനികൾ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടെ, പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ് ഈ മാസം 31 വരെയും ഖത്തർ എയർവേയ്‌സ് 24 വരെയും ബഹ്‌റൈനിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതും മുൻകൂട്ടി നിശ്ചയിച്ച വിമാനങ്ങൾ റദ്ദാക്കിയതും അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങേണ്ട പ്രവാസികളായ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പെട്ടെന്ന് പകരമുള്ള ടിക്കറ്റുകൾ ലഭ്യമല്ലാത്തതും, ലഭിക്കുന്ന വിമാനങ്ങളിൽ കേരള-ഗൾഫ് റൂട്ടിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതും യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നുണ്ട്.



