ദുബൈ: യു.എ.ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ നൽകുന്നതിനുള്ള താൽക്കാലിക ഔട്ട്‌സോഴ്‌സ് ഏജൻസിയായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ ചുമതലപ്പെടുത്തി. ജൂലൈ 22 ബുധനാഴ്ച മുതൽ അൽഹിന്ദ് വഴിയുള്ള സേവനങ്ങൾ ലഭ്യമായിത്തുടങ്ങുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു. യു.എ.ഇയിലുടനീളം തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായി 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളാണ് അൽഹിന്ദ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ക്രമീകരണം നിലവിൽ വന്നതോടെ ഇനി മുതൽ അബൂദബി ഇന്ത്യൻ എംബസിയിലോ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലോ നേരിട്ട് ഈ സേവനങ്ങൾ ലഭ്യമാകില്ല.
സ്ഥിരമായി ഔട്ട്‌സോഴ്‌സ് ഏജൻസിയെ കണ്ടെത്തുന്നതിനുള്ള പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവിൽ പ്രവാസികളുടെ സേവനങ്ങൾക്ക് തടസ്സം വരാതിരിക്കാൻ നിലവിലെ കരാർ കമ്പനിയേയോ മുൻപ് സേവനം നൽകിയിരുന്ന കമ്പനിയേയോ താൽക്കാലികമായി ചുമതലപ്പെടുത്താമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നേരത്തെ ജൂലൈ ഒന്ന് മുതൽ അൽഹിന്ദിന് ചുമതല നൽകിയിരുന്നെങ്കിലും ടെൻഡർ നടപടികളിലെ അപാകത ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി ഇത് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയാണുണ്ടായത്. എന്നാൽ, ഈ ചുമതല പൂർണ്ണമായും താൽക്കാലികമാണോ അതോ സ്ഥിരമാണോ എന്ന് വ്യക്തമാക്കുന്ന സർക്കുലറുകളൊന്നും എംബസി പുറത്തുവിട്ടിട്ടില്ല. കോൺസുലാർ അപേക്ഷകരിൽ നിന്നുള്ള പരാതികളും കേസുകളും മുൻനിർത്തി മുൻ സേവന ദാതാക്കളായ ബി.എൽ.എസ് (BLS) ഇന്റർനാഷണലിനെ രണ്ട് വർഷത്തേക്ക് കേന്ദ്ര സർക്കാർ വിലക്കിയിരുന്നു.
സേവനങ്ങൾക്കായുള്ള അപ്പോയിന്റ്‌മെന്റുകൾ consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. ദിവസവും രാവിലെ 9-നും രാത്രി 9-നും പുതിയ സ്ലോട്ടുകൾ ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളുടെയും സേവന സമയം രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയായിരിക്കും. അപ്പോയിന്റ്‌മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ. അതേസമയം, തത്കാൽ പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, മുതിർന്ന പൗരന്മാർ (60 വയസ്സിന് മുകളിലുള്ളവർ), നവജാത ശിശുക്കൾ എന്നിവർക്കുള്ള സേവനങ്ങൾ മുൻകൂർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ‘വാക്ക്-ഇൻ’ അടിസ്ഥാനത്തിൽ ലഭ്യമാകും. അൽഹിന്ദ് ഈടാക്കുന്ന സേവന ചാർജ് വാറ്റ് ഉൾപ്പെടെ 19 ദിർഹമാണ്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ടൈപ്പിങ്, പ്രിന്റ്ഔട്ടുകൾ, ഡൊമസ്റ്റിക് കൊറിയർ തുടങ്ങിയ മുഴുവൻ അനുബന്ധ സേവനങ്ങളും ഈ ഫീസിൽ ഉൾപ്പെടും. ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക ഫീസിന് പുറമെയാണിത്.



