ന്യൂഡൽഹി: ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും പരീക്ഷാ സംവിധാനങ്ങളിലെ അപാകതകൾക്കെതിരെയും സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ആശങ്കകൾ തികച്ചും ന്യായമാണെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുരളി മനോഹർ ജോഷി. ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവവിദ്യാർത്ഥികൾ ഡൽഹിയിലെ തെരുവുകളിൽ കഴിയുന്നത് ഏറെ വേദനാജനകമാണെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പ്രശ്നത്തെ സഹാനുഭൂതിയോടെ കാണണമെന്നും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ഭരണകൂടം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തെ കേവലമൊരു ക്രമസമാധാന പ്രശ്നമായി കണ്ട് ശക്തിപ്രയോഗത്തിലൂടെ നേരിടില്ലെന്നാണ് താൻ ആത്മാർത്ഥമായി പ്രത്യാശിക്കുന്നതെന്ന് മുരളി മനോഹർ ജോഷി കുറിച്ചു. പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ ക്രൂരമായി കൈകാര്യം ചെയ്യപ്പെടുന്നത് കാണുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഇത്തരത്തിലുള്ള ബലപ്രയോഗങ്ങൾ ഇന്ത്യൻ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ‘വികസിത് ഭാരതം’ എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കൂവെന്നും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.



