റിയാദ്: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിൽ നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദലാത്തി എന്നിവർ ടെലിഫോണിൽ ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രിയുമായി ഇവർ വെവ്വേറെയാണ് ആശയവിനിമയം നടത്തിയത്.
ചർച്ചയിൽ പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങളും നിലവിലെ യുദ്ധസമാനമായ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള വഴികളും നേതാക്കൾ സമഗ്രമായി വിലയിരുത്തി. മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സൈനിക നീക്കങ്ങൾ ഒഴിവാക്കുന്നതിനുമായി നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രിമാർ, രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ഏകോപനവും ആലോചനകളും കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പൊതുവായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും ചർച്ചയിൽ നേതാക്കൾ വ്യക്തമാക്കി.



