ലണ്ടൻ: വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ തദ്ദേശവാസിയായ വ്യക്തിക്ക് നേരെ അഭയാർത്ഥിയായ യുവാവ് നടത്തിയ ക്രൂരമായ കത്തിക്കുത്തിന് പിന്നാലെ നഗരത്തിൽ വൻ വംശീയ അക്രമങ്ങളും തെരുവ് യുദ്ധവും പൊട്ടിപ്പുറപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മുഖംമൂടി ധരിച്ചെത്തിയ നൂറുകണക്കിന് കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അഴിഞ്ഞാടുകയും നിരവധി കെട്ടിടങ്ങൾക്കും പൊതുഗതാഗത ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും തീയിടുകയും ചെയ്തു. കിഴക്കൻ ബെൽഫാസ്റ്റിലെ ജനവാസ മേഖലകളിൽ അതിക്രമിച്ചു കയറിയ നൂറോളം വരുന്ന വലതുപക്ഷ അക്രമികൾ വീടുകളുടെ വാതിലുകളും ജനലുകളും തകർക്കുകയും പലസ്തീൻ, സുഡാൻ കുടിയേറ്റക്കാരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു. കത്തിയമരുന്ന വീടുകളിൽ നിന്നും കുട്ടികളെയടക്കം പോലീസുകാർ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് നഗരത്തിൽ ഉടനീളം കവചിത വാഹനങ്ങൾ വിന്യസിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി വടക്കൻ ബെൽഫാസ്റ്റിൽ വെച്ച് 40 വയസ്സുകാരനായ ഒരു തദ്ദേശവാസിക്ക് നേരെ നടന്ന അതിക്രൂരമായ അക്രമമാണ് നഗരത്തെ മിനിറ്റുകൾക്കകം കലാപഭൂമിയാക്കിയത്. യുകെയിൽ അഭയം തേടിയ 30 വയസ്സുകാരനായ ഒരു സുഡാൻ പൗരൻ കിച്ചൺ നൈഫ് ഉപയോഗിച്ച് തദ്ദേശവാസിയെ കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേൽപ്പിക്കുകയും തലയറുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഈ ക്രൂരമായ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. പരിക്കേറ്റയാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ നിലവിൽ വധശ്രമത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ഭീകരാക്രമണമല്ലെന്നും വ്യക്തിപരമായ വൈരാഗ്യമാണെന്നും പോലീസ് വ്യക്തമാക്കിയെങ്കിലും ഇലോൺ മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ വലതുപക്ഷ ഗ്രൂപ്പുകൾ വ്യാജ വിവരങ്ങളും വിദ്വേഷ പ്രചാരണങ്ങളും അഴിച്ചുവിട്ടത് കലാപം അയർലൻഡിലെ മറ്റ് നഗരങ്ങളിലേക്കും സ്കോട്ട്ലൻഡിലേക്കും വ്യാപിക്കാൻ കാരണമായി.
അക്രമ സംഭവങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ‘അങ്ങേയറ്റം മാരകവും അസ്വസ്ഥത ഉണ്ടാക്കുന്നതുമെന്ന്’ വിശേഷിപ്പിച്ചു. കുറ്റവാളികൾക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും എന്നാൽ നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ നിരപരാധികളായ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്നും ഇറക്കിവിട്ട് തീയിടുന്നത് ഭീരുത്വമാണെന്ന് വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ ശക്തമായി അപലപിച്ചു. കടുത്ത കുടിയേറ്റവിരുദ്ധ വികാരം നിലനിൽക്കുന്ന ബ്രിട്ടനിൽ, നിയന്ത്രണമില്ലാത്ത അഭയാർത്ഥി നയങ്ങളാണ് ഇത്തരം അപകടകരമായ കുറ്റവാളികൾ രാജ്യത്തേക്ക് പ്രവേശിക്കാൻ കാരണമെന്നും അത് രാജ്യത്തിന്റെ സമാധാനം തകർക്കുമെന്നും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി നേതാവ് ഗാവിൻ റോബിൻസൺ പാർലമെന്റിൽ തുറന്നടിച്ചു. ആഗോള വിപണിയും അന്താരാഷ്ട്ര ചർച്ചകളും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കെ, യുകെയെയും അയർലൻഡിനെയും പുതിയൊരു ആഭ്യന്തര വംശീയ കലാപത്തിലേക്ക് നയിക്കുന്നതാണ് ബെൽഫാസ്റ്റിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ.



