കെഎംസിസി കപ്പ് 2026: ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു

ജുബൈൽ:  കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കെഎംസിസി കപ്പ് 2026’ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു. ജുബൈലിലെ സ്പൈസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജുബൈൽ കെഎംസിസി പ്രസിഡന്റ് സലാം ആലപ്പുഴയും ജുബൈൽ വെൽഫെയർ അസോസിയേഷൻ  കൺവീനർ ഡോ. ഫവാസും ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

സൗദി അറേബ്യായുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരായ എട്ട് ടീമുകളെ അണിനിരത്തിയാണ് കായിക മാമാങ്കം അരങ്ങേറുന്നത്.  സെപ്റ്റംബർ 3, 4 തീയതികളിലായി ജുബൈലിലെ ഫിഫ അറീന സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

പ്രമുഖ അഖിലേന്ത്യാ ഫുട്ബോൾ താരങ്ങൾ വിവിധ ടീമുകൾക്കായി ബൂട്ട് കെട്ടുന്ന ടൂർണമെന്റ് പ്രവാസി ഫുട്ബോൾ പ്രേമികൾക്ക് ആവേശകരമായ ഒരു അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഇല്യാസ് വലമ്പൂർ, കൺവീനർ റിയാസ് പുളിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. റിയാസ് ബഷീർ, സൈദലവി പരപ്പനങ്ങാടി, ബഷീർ വെട്ടുപാറ, അബൂബക്കർ കാസർകോട്, ഷാമീൽ ആനിക്കാട്ടിൽ, അനീഷ് താനൂർ എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ഷഫീഖ് താനൂർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കെഎംസിസി സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി മുഴുവൻ കായിക പ്രേമികളുടെയും പ്രവാസി കൂട്ടായ്മകളുടെയും പൂർണ്ണമായ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles