പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസായി; യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു, പിന്തുണച്ച് 4 കോൺഗ്രസ് അംഗങ്ങളും

കോട്ടയം: ആഭ്യന്തര തർക്കങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം കൈവിട്ടത്. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ 17 അംഗങ്ങൾ പിന്തുണച്ചു. ഇതിൽ ഭരണപക്ഷത്തുണ്ടായിരുന്ന നാല് കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രതിപക്ഷത്തെ 12 പേർ ഒപ്പിട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് അവിശ്വാസ നോട്ടീസ് സമർപ്പിച്ചിരുന്നത്. കേരള കോൺഗ്രസ് (എം) ഉൾപ്പെടുന്ന എൽ.ഡി.എഫ് മുന്നണിക്ക് നിലവിൽ 12 കൗൺസിലർമാരാണുള്ളത്. കോൺഗ്രസ്-6, കേരള കോൺഗ്രസ് (ജോസഫ്)-3, കെ.ഡി.പി-1 എന്നിങ്ങനെയാണ് യു.ഡി.എഫിന്റെ കക്ഷിനില. കോൺഗ്രസ് വിമതയുടെയും സ്വതന്ത്ര മുന്നണിയിലെ മൂന്ന് അംഗങ്ങളുടെയും പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭ ഭരിച്ചിരുന്നത്. എന്നാൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്വതന്ത്ര മുന്നണിയും കോൺഗ്രസ് വാർഡ് കൗൺസിലറും തമ്മിൽ കടുത്ത വാക്കേറ്റവും പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. വാർഡ് കൗൺസിലർക്കെതിരെ ചെയർപേഴ്സൺ മോഷണക്കുറ്റം ആരോപിക്കുകയും, ചട്ടം ലംഘിച്ച് ഓഫീസിൽ അതിക്രമിച്ചു കയറിയെന്ന് കാട്ടി നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സ്വതന്ത്ര മുന്നണിയിലെ രണ്ട് അംഗങ്ങൾക്കെതിരെ മർദ്ദിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി വാർഡ് കൗൺസിലറും പരാതി നൽകി. പിന്നീട് കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ടാണ് വിഷയം താൽക്കാലികമായി പരിഹരിച്ചത്.

എന്നാൽ, ചെയർപേഴ്സന്റെ നീക്കത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ചെയർപേഴ്സന് പിന്തുണയില്ലെന്ന് വ്യക്തമാക്കി ജില്ലാ നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തി അസ്വാരസ്യങ്ങൾ ഒരുവിധം പരിഹരിച്ചെങ്കിലും, പിന്നീട് നടന്ന കൗൺസിലിൽ ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുനൽകുന്ന വിഷയം അജണ്ടയായി ചർച്ചയ്ക്കെടുത്തത് കോൺഗ്രസ് അംഗങ്ങളെ വീണ്ടും ചൊടിപ്പിച്ചു. കോൺഗ്രസിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് ചെയർപേഴ്സൺ വിഷയം വോട്ടിനിടുകയും ഇടതു പിന്തുണയോടെ പാസാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചതോടെയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയവുമായി മുന്നോട്ടുവന്നതും നഗരസഭയിലെ ഭരണം അട്ടിമറിക്കപ്പെട്ടതും.

 

Related Articles

- Advertisement -spot_img

Latest Articles