മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം: 120 അധിക ബാച്ചുകൾ; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം

തിരുവനന്തപുരം: മലബാർ മേഖലയിലെ തീവ്രമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരവുമായി സർക്കാർ. വിവിധ ജില്ലകളിലായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. പുതിയ തീരുമാനത്തോടെ മലബാറിലെ നാല് പ്രധാന ജില്ലകളിലായി 7,200 വിദ്യാർത്ഥികൾക്ക് കൂടി അധികമായി പ്ലസ് വൺ പ്രവേശനം നേടാൻ സാധിക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഈ പുതിയ ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾ എന്ന ക്രമത്തിലാണ് പ്രവേശനം നടക്കുക.

ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ബാച്ചുകൾ അനുവദിച്ചിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 60 ബാച്ചുകളിലായി 3,600 സീറ്റുകളും, പാലക്കാട് 30 ബാച്ചുകളിലായി 1,800 സീറ്റുകളും ലഭിക്കും. കൂടാതെ കോഴിക്കോട് ജില്ലയ്ക്ക് 20 ബാച്ചുകളിലായി 1,200 സീറ്റുകളും, കാസർകോട് ജില്ലയ്ക്ക് 10 ബാച്ചുകളിലായി 600 സീറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ മുഴുവൻ സീറ്റുകളും ഉറപ്പാക്കുമെന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പുതിയ താൽക്കാലിക ബാച്ചുകൾ നിലവിൽ വന്നതോടെ മലബാർ മേഖലയിൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles