പോലീസ് അതിക്രമം: പെല്ലറ്റ് ഏറ്റ വിദ്യാർത്ഥിയുമായി രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് പെല്ലറ്റ് പ്രയോഗിച്ചിട്ടില്ലെന്ന സർക്കാറിന്റെയും പോലീസിന്റെയും വാദങ്ങളെ പൂർണ്ണമായി തള്ളി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തൊൻപതുകാരനായ സാഹിൽ ലോചാബ് എന്ന വിദ്യാർത്ഥിയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ ഡൽഹി പോലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിന്റെ വ്യക്തമായ തെളിവാണിതെന്ന് സാഹിലിന്റെ ശരീരത്തിലെ മുറിവുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായി സമരം ചെയ്ത യുവാക്കൾക്ക് നേരെയാണ് പോലീസ് ക്രൂരത അഴിച്ചുവിട്ടതെന്നും കേന്ദ്ര സർക്കാർ കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഡൽഹി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്സിലെ അവസാന വർഷ വിദ്യാർത്ഥിയും നജഫ്ഗഡ് സ്വദേശിയുമായ സാഹിലിന്റെ ടീ-ഷർട്ട് ഉയർത്തി മുഖത്തും കൈകളിലും ശരീരത്തിലുമുള്ള മുറിവുകൾ രാഹുൽ മാധ്യമങ്ങൾക്ക് കാണിച്ചുകൊടുത്തു. ദേശീയപതാക വീശുന്നതിനിടെയാണ് സാഹിലിന് വെടിയേറ്റതെന്നും വലതുകണ്ണിന് പെല്ലറ്റ് തട്ടി കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. എയിംസ് ട്രോമ സെന്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാഹിലിന് ഇനി കാഴ്ച തിരികെ ലഭിക്കുമോയെന്ന് ഉറപ്പില്ല. ഡൽഹി പോലീസിൽ ചേരാൻ ആഗ്രഹിച്ച് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന മകന്റെ കണ്ണിനും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റതായി സാഹിലിന്റെ അമ്മ ജ്യോതിയും വെളിപ്പെടുത്തി.

ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉത്തരവാദിയായ മന്ത്രിയെ പുറത്താക്കണമെന്ന് മാത്രമാണ് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ഭാവിയായ യുവാക്കൾക്ക് നേരെ വെടിയുതിർക്കുകയും ലാത്തിവീശുകയും ചെയ്തവർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ക്രൂരമായ അതിക്രമത്തിന് ഇരയായ സാഹിലിനെപ്പോലുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എത്രയും വേഗം രാജിവെക്കണമെന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles