ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാന് നേരെ അമേരിക്കയും, ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടികൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധാന്തരീക്ഷം കടുത്ത പ്രതിസന്ധിയിലേക്ക്. മേഖലയിലെ വിവിധ രാജ്യങ്ങളിൽ ഏറ്റവും ഒടുവിലായി നടന്ന ആക്രമണങ്ങളുടെയും സൈനിക നീക്കങ്ങളുടെയും വിശദാംശങ്ങൾ താഴെ നൽകുന്നു:
കുവൈത്ത്: യു.എസ് സൈന്യം ഉപയോഗിക്കുന്ന അലി അൽ സേലം വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇവിടുത്തെ ആയുധശേഖരം തകർത്തതായും യു.എസ് സൈനികർക്ക് പരിക്കേറ്റതായും ഇറാൻ അവകാശപ്പെടുന്നു. കൂടാതെ ക്യാമ്പ് ഉദൈരി, ക്യാമ്പ് ദോഹ, ക്യാമ്പ് ആരിഫ്ജാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കും ആയുധപ്പുരകൾക്കും നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അതേസമയം, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു.
ബഹ്റൈൻ: ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളത്തിനും യു.എസ് സൈനിക താവളത്തിലെ ഇന്ധന ടാങ്കുകൾ അടക്കമുള്ള സജ്ജീകരണങ്ങൾക്കും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സേന വ്യക്തമാക്കി. ബഹ്റൈനിലെ ആമസോൺ ഡാറ്റാ സെന്ററും ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടെങ്കിലും ഇതിൽ ബഹ്റൈനോ ആമസോണോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വന്നെത്തിയ ഭൂരിഭാഗം ആക്രമണങ്ങളെയും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ബഹ്റൈൻ പ്രതിരോധ സേന വ്യക്തമാക്കി.
ജോർദാൻ: ജോർദാനിലെ മുവഫഖ് അൽ സാൽതി/അൽ-അസ്രഖ് യു.എസ് സൈനിക താവളത്തിലെ മെയിന്റനൻസ് കേന്ദ്രങ്ങൾക്കും താമസസ്ഥലങ്ങൾക്കും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച 7 ഇറാനിയൻ മിസൈലുകളും 6 ഡ്രോണുകളും വെടിവെച്ചിട്ടതായും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജോർദാൻ സൈന്യം അറിയിച്ചു.
ഇറാഖ്: അർബീൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. നഗരത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയായിരുന്നു ഈ നടപടിയെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സർവീസുകൾ പിന്നീട് പുനഃസ്ഥാപിച്ചു.
ഇറാൻ: ഇറാന് നേരെ നടത്തിവന്ന പുതിയ ഘട്ട വ്യോമാക്രമണങ്ങൾ അവസാനിപ്പിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അമേരിക്കൻ ബോംബാക്രമണത്തിൽ ഖൊറമാബാദ്, ജാസ്ക്, അഹ്വാസ്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് തുടങ്ങി വിവിധ നഗരങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേറ്റതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഹ്വാസിന് സമീപം യു.എസ് നടത്തിയ മിസൈലാക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഖൊറമാബാദിലും തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും നടന്ന ആക്രമണങ്ങളിൽ രണ്ടുപേർക്ക് വീതം പരിക്കേറ്റു. ഇറാഖ് അതിർത്തിക്ക് സമീപമുള്ള പീരാൻഷഹറിലെ കേന്ദ്രത്തിന് നേരെയും യു.എസ് വ്യോമാക്രമണം ഉണ്ടായതായി ഇറാൻ വെസ്റ്റ് അസർബൈജാൻ പ്രതിസന്ധി പരിഹാര ഏജൻസി വ്യക്തമാക്കി.



