ബിഷ്കെക്/ടെഹ്റാൻ: അമേരിക്കയ്ക്ക് മുമ്പിൽ അടിപ്പെടില്ലെന്നും ഭീഷണിയുടെ ഭാഷ സഹിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അരാഗ്ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. റഷ്യ, ചൈന തുടങ്ങിയ സൗഹൃദ രാജ്യങ്ങളുമായി നയതന്ത്ര തലത്തിലുള്ള ചർച്ചകൾ നിരന്തരം നടത്തുന്നുണ്ടെന്ന് ഇറാന്റെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മേഖലയിൽ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാന തടസ്സം അമേരിക്കയുടെ കടുംപിടുത്തവും ആക്രമണോത്സുക നിലപാടുകളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ ദേശീയ താൽപ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നാണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇറാനിയൻ ജനതയുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കപ്പെടാത്ത കാലത്തോളം അവ നേടിയെടുക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇറാൻ തുടരുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.



