ടെഹ്റാൻ/ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘ദിശ’ എന്ന എൽ.പി.ജി ചരക്കുകപ്പലിന് നേരെ ആക്രമണം. അജ്ഞാത കേന്ദ്രത്തിൽ നിന്ന് തൊടുത്ത മിസൈൽ കപ്പലിൽ പതിക്കുകയായിരുന്നു. കപ്പലിൽ ആകെ 28 ഇന്ത്യൻ ജീവനക്കാരാണ് ഉള്ളതെന്നും അവർ എല്ലാവരും സുരക്ഷിതരാണെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു. ആക്രമണം നടത്തിയത് യു.എസാണോ അതോ ഇറാന്റെ ഭാഗത്തുനിന്നാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ വ്യക്തതയോ വന്നിട്ടില്ല.
മൊസാംബിക് പതാകയേന്തിയ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ എംബസി ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. സംഘർഷഭരിതമായ മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, സംഭവത്തെക്കുറിച്ചും കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.



