കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രമുഖവും തന്ത്രപ്രധാനവുമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള തുറന്ന കടന്നുകയറ്റമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായതെന്നും, ശത്രുതാപരമായ നിലപാട് തുടരാനുള്ള ഇറാന്റെ നിശ്ചയദാർഢ്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും കുവൈറ്റ് കുറ്റപ്പെടുത്തി. കുവൈറ്റിന്റെ വടക്കൻ മേഖലയിലെ സർക്കാർ സ്ഥാപനവും ബോബിയാൻ ദ്വീപിലെ ചില കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. എന്നാൽ കുവൈറ്റ് വ്യോമസേന ജാഗ്രത പാലിക്കുകയും കടന്നുകയറിയ ഡ്രോണുകളെ പ്രതിരോധിച്ച് തകർക്കുകയും ചെയ്തു.
വീണുകിടക്കുന്ന അവശിഷ്ടങ്ങൾ കാരണം ചില ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വന്തം രാജ്യത്തിന്റെ സുരക്ഷയും താത്പര്യങ്ങളും വിഭവങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈറ്റിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. മേഖലയിൽ യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷയും പരമാധികാരവും ഉറപ്പാക്കാൻ രാജ്യത്തെ സേന സർവ്വ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.



