അയോധ്യ രാമക്ഷേത്ര കാണിക്കത്തട്ടിപ്പ് പ്രതിഷേധം: രാഹുൽ ഗാന്ധിക്കും എം.പിമാർക്കുമെതിരെ കേസ്

വാരാണസി: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്കത്തട്ടിപ്പുമായി ബന്ധപ്പെട്ട് പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധ നാടകം സംഘടിപ്പിച്ച സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാർക്കെതിരെ കേസ് എടുത്ത് പോലീസ്. സനാതന ധർമ്മത്തെ അപമാനിക്കുകയും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിനും പൂർണിയ എം.പി പപ്പു യാദവ്, അയോധ്യയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എം.പി അവാധേഷ് പ്രസാദ് എന്നിവർക്കുമെതിരെയാണ് വാരാണസി കോട്‌വാലി പോലീസ് കേസെടുത്തത്.

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചിയുമായി ബന്ധപ്പെട്ട തട്ടിപ്പും വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെയുണ്ടായ പോലീസ് നടപടിയും ഉയർത്തിക്കാട്ടി വെള്ളിയാഴ്ച ‘ഇൻഡ്യ’ മുന്നണി പാർലമെന്റിന്റെ മകര ദ്വാറിന് മുന്നിൽ ‘ചന്ദാ ചോരി’ എന്ന പേരിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാണിക്ക വഞ്ചികൾ സ്ഥാപിക്കുകയും, കാവി വസ്ത്ര ധാരിയായി അഭിനയിച്ച പപ്പു യാദവ് അതിൽ വീഴുന്ന പണം സ്വന്തം പോക്കറ്റിലേക്ക് മാറ്റുകയും ചെയ്യുന്ന രീതിയിലുള്ള പ്രതിഷേധ നാടകമാണ് നടത്തിയത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വഞ്ചിയിൽ പണം നിക്ഷേപിക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, ധർമ്മേന്ദ്ര യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത പ്രതിഷേധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രതിഷേധ നാടകത്തിനിടെ ഭഗവാൻ രാമനെയും സനാതന ധർമ്മത്തെയും വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റമുണ്ടായെന്ന് ആരോപിച്ച് പാതാൾപുരി മഠാധിപതി ജഗദ്ഗുരു ബാളക് ദാസിന്റെ നേതൃത്വത്തിൽ സന്യാസിമാർ നൽകിയ പരാതിയിലാണ് നടപടിയെന്ന് കാശി സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗൗരവ് ബൻസവാൾ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾ പ്രകാരമാണ് ജനപ്രതിനിധികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

 

 

Related Articles

- Advertisement -spot_img

Latest Articles