തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കനത്ത മഴ തകർത്തുപെയ്തതോടെ പ്രളയസമാനമായ അന്തരീക്ഷം. വിവിധ ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും വെള്ളക്കെട്ടിൽ വീണും കുട്ടികളടക്കം ഒമ്പത് പേർ മരണപ്പെട്ടു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി (50), മകൻ ജോസഫിൻ ജോണി (28), പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മിലൻ കെ. ഷിജു എന്നിവർ മരിച്ചു. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി (69), പീരുമേട് വാഗമണ്ണിലുണ്ടായ ഉരുൾപൊട്ടലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) എന്നിവർക്കും ജീവൻ നഷ്ടമായി.
മലപ്പുറത്ത് കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരൻ ആദം അയ്മനും, വണ്ടൂരിൽ ഒഴുക്കിൽപ്പെട്ട് മൂന്നുവയസ്സുകാരൻ അബ്ദുൽ മുഹൈനിയും ദാരുണമായി മരിച്ചു. വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കവേ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി (57) മരിച്ചു. കൊല്ലം നീണ്ടകരയിൽ വ്യാഴാഴ്ച വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ (47) മൃതദേഹം കണ്ടെടുത്തു. ഇതോടൊപ്പം തകർന്ന വള്ളത്തിലുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളം മറിഞ്ഞ് അഞ്ചുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനത്തിന് സർക്കാർ വ്യോമസേനയുടെയോ നേവിയുടെയോ സഹായം തേടിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച തോരാമഴയിൽ മിക്ക ജില്ലകളിലെയും പ്രധാന നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളും കൃത്യമായി നൽകുന്നതിൽ വീഴ്ച സംഭവിച്ചതാണ് ദുരിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി, നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും പൂർണ്ണമായി വിലക്കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്ന് പാലാ, ഈരാറ്റുപേട്ട, റാന്നി ടൗണുകൾ വെള്ളത്തിലായി.
റാന്നിയിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയം 2018-ലെ പ്രളയത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. പൊൻമുടി 12-ാം വളവിൽ വൻ മണ്ണിടിച്ചിലുണ്ടാവുകയും ഒമ്പതാം വളവ് വരെ മണ്ണും അവശിഷ്ടങ്ങളും ഒലിച്ചെത്തുകയും ചെയ്തതിനെ തുടർന്ന് ഇവിടേക്കുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു. കൂടാതെ, കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാത, ഈരാറ്റുപേട്ട-വാഗമൺ റോഡ്, കുട്ടിക്കാനം-മുണ്ടക്കയം റോഡ്, ആലുവ-മൂന്നാർ റോഡ്, കെ.കെ റോഡ് എന്നിവിടങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ, എറണാകുളം ജില്ലകളിലായി ശനിയാഴ്ച വൈകീട്ട് വരെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും കൃഷിയും ജീവനോപാധികളും നഷ്ടമായവർക്കും സർക്കാർ മതിയായ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനിടെ, കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ 12 ജില്ലകളിൽ (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ 115.6 മി.മീറ്ററിൽ മുതൽ 204.4 മി.മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.



