ടെഹ്‌റാൻ: ലോകവ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ അറിയിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇരുകൂട്ടരും തമ്മിൽ ധാരണയായ പുതിയ കപ്പൽ പാത പ്രധാനമായും ഇറാന്റെ പ്രാദേശിക ജലാശയത്തിനുള്ളിലായിരിക്കും സ്ഥിതി ചെയ്യുക. ഇതിന്റെ ചില ഭാഗങ്ങൾ ഒമാന്റെ ജലാതിർത്തിയിലേക്കും വ്യാപിക്കും.
ധാരണയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കരാർ നിലവിൽ അവസാന ഘട്ടത്തിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേൽ ബഖായ് വ്യക്തമാക്കി. എന്നാൽ, ഒമാനുമായുള്ള കരാർ മാത്രം കടലിടുക്കിലൂടെയുള്ള പൂർണ്ണമായ സുരക്ഷിത ഗതാഗതം ഉറപ്പുനൽകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം സമുദ്രപാതയുടെ സുരക്ഷയെ ഇപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ബഖായ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെടുകയും ആഗോളതലത്തിൽ എണ്ണ വ്യാപാരം കുത്തനെ ഇടിയുകയും ചെയ്തത്. കടലിടുക്ക് എത്രയും വേഗം തുറന്നുകൊടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ജൂലൈ 14-നാണ് ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യു.എസ് വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയത്. വെടിനിർത്തൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന തടസ്സമായി നിൽക്കുന്നതും ഈ അമേരിക്കൻ ഉപരോധമാണ്.



