ഡൽഹിയിൽ അർധരാത്രി ബുൾഡോസർ രാജ്: മദീന മസ്ജിദിന്റെ ഭാഗവും വീടുകളും പൊളിച്ചുനീക്കി; വ്യാപക പ്രതിഷേധം

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ അർധരാത്രിയുടെ മറവിൽ വീണ്ടും ഡൽഹി കോർപ്പറേഷന്റെ (MCD) ബുൾഡോസർ നടപടി. ഷാലിമാർ ബാഗിലെ മാക്സ് ഹോസ്പിറ്റൽ റോഡ് വികസനത്തിന്റെ പേരിൽ അർധരാത്രി മൂന്നു മണിയോടെ മണ്ണുമാന്തി യന്ത്രങ്ങളുമായെത്തിയ അധികൃതർ മദീന മസ്ജിദിന്റെ ഒരു ഭാഗവും സമീപത്തെ നിരവധി വീടുകളും പൊളിച്ചുനീക്കി. പ്രദേശവാസികളുടെ കടുത്ത എതിർപ്പും പ്രതിഷേധവും മറികടന്ന് വൻ പോലീസ്-പാരാമിലിട്ടറി സന്നാഹത്തോടെയായിരുന്നു അടിയന്തര പൊളിച്ചുനീക്കൽ. റോഡ് 30 മീറ്ററായി വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് നടപടിയെന്നും, ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നുമാണ് കോർപ്പറേഷൻ നൽകുന്ന വിശദീകരണം.

പള്ളി ഇമാമിന് മുൻകൂട്ടി മൂന്ന് തവണ നോട്ടീസ് നൽകിയിരുന്നതായും 15 ദിവസത്തെ സമയം അനുവദിച്ചിട്ടും ഒഴിഞ്ഞുപോകാത്തതിനാലാണ് നടപടിയെന്നും അധികൃതർ വാദിക്കുന്നു. എന്നാൽ, പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നോട്ടീസും ലഭിച്ചിട്ടില്ലെന്ന് പള്ളി ഭാരവാഹികളും പ്രദേശവാസികളും ആരോപിച്ചു. മസ്ജിദിനുള്ളിലെ വിശുദ്ധ ഗ്രന്ഥങ്ങളോ രേഖകളോ മറ്റ് സാധനങ്ങളോ മാറ്റാൻ പോലും സമയം നൽകാതെയാണ് പോലീസ് ബലപ്രയോഗത്തിലൂടെ കെട്ടിടം തകർത്തതെന്ന് ഇവർ ചൂണ്ടിക്കാട്ടി. നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. എ.ഐ.എം.ഐ.എം (AIMIM) ഡൽഹി പ്രസിഡന്റ് ശുഐബ് ജമായി, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി നേതാക്കൾ എന്നിവരടക്കം സ്ഥലത്തെത്തി പ്രതിഷേധിച്ചു.

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പുലർച്ചെ പള്ളി പൊളിച്ചതിന് സമാനമായ ഭരണഘടനാ വിരുദ്ധ നടപടിയാണ് ഡൽഹിയിലും നടന്നിരിക്കുന്നതെന്നും ഷാലിമാർ ബാഗിനെ ‘സഹാറൻപൂർ പാർട്ട്-2’ ആക്കാൻ അനുവദിക്കില്ലെന്നും ശുഐബ് ജമായി പ്രതികരിച്ചു. പള്ളി ഇമാമിനെയും പ്രദേശവാസികളെയും കാണുന്നതിൽ നിന്നും മാധ്യമങ്ങളെ പ്രവേശിക്കുന്നതിൽ നിന്നും പോലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ തുടർച്ചയായി പള്ളികളും മദ്‌റസകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, തുടർന്നുള്ള നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾക്കായി അടിയന്തര യോഗം ചേരുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles