ഡിജിറ്റൽ പോരാട്ടത്തിനൊടുവിൽ സി.ജെ.പി; അക്കൗണ്ട് വീണ്ടെടുത്തു, ‘സ്കൂൾ തിക്ക് കരോ’ ക്യാമ്പയിന് തുടക്കം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായി അക്കൗണ്ട് ലഭ്യമല്ലെന്ന് കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ സഹിതം പാർട്ടി നേതാവ് അഭിജിത് ദീപ്കെ ആരോപിച്ചു. ഇത്തരം ഭീരുത്വപരമായ നടപടികൾ കൊണ്ട് തങ്ങളെ ഭയപ്പെടുത്താനാകില്ലെന്ന് എക്സിൽ കുറിച്ച അഭിജിത്, മിനിറ്റുകൾക്ക് ശേഷം അക്കൗണ്ടിലേക്കുള്ള പ്രവേശനം വിജയകരമായി പുനഃസ്ഥാപിച്ചതായും സ്ഥിരീകരിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ തന്റെ വ്യക്തിഗത ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും പാർട്ടിയുടെ ബാക്കപ്പ് അക്കൗണ്ട് മെറ്റ നീക്കം ചെയ്യുകയും ചെയ്തിരുന്നതായി അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഐഡന്റിറ്റി പരിശോധനയും പാസ്‌വേഡ് മാറ്റാനുള്ള ശ്രമങ്ങളും പരാജയപ്പെട്ട് അക്കൗണ്ട് പൂട്ടിപ്പോയ സാഹചര്യത്തിലായിരുന്നു അത്.

അതേസമയം, ഇൻസ്റ്റാഗ്രാം വിവാദങ്ങൾക്ക് മറുപടിയെന്നോണം ഗ്രാമീണ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഭരണപരമായ ഉത്തരവാദിത്തവും ഉറപ്പാക്കാനായി ‘സ്കൂൾ തിക്ക് കരോ’ എന്ന പുതിയ ജനകീയ കാമ്പെയ്ന് സി.ജെ.പി തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനത്തിൽ മഹാരാഷ്ട്രയിലെ അഭിജിത് ദിപ്കെയുടെ സ്വന്തം ഗ്രാമത്തിലാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. ഡൽഹിയിലെ പ്രവർത്തനങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ ദിപ്കെ ഹിംഗോലി ജില്ലയിലെ സർക്കാർ സ്കൂൾ സന്ദർശിക്കുകയും ബെഞ്ചുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ സർപഞ്ചിൽ നേരിട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ഗ്രാമങ്ങൾ തോറും സന്ദർശിച്ച് വിദ്യാലയങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താൻ സർപഞ്ചുകളോടും ജനങ്ങളോടും ആഹ്വാനം ചെയ്യുന്നതിനായി പ്രത്യേക ടീമുകളെയും രൂപീകരിച്ചിട്ടുണ്ട്.

രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും ഉൾപ്പെടെയുള്ള വൻകിട നിർമ്മാണങ്ങൾ നടക്കുമ്പോഴും കർഷകരുടെയും സാധാരണക്കാരുടെയും കുട്ടികൾ പഠിക്കുന്ന ഗ്രാമീണ സ്കൂളുകൾ വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ദിപ്കെ കുറ്റപ്പെടുത്തി. നഗരങ്ങളിലേതിന് സമാനമായ സൗകര്യങ്ങൾ ഗ്രാമങ്ങളിലും ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളുകളിൽ ശുചിമുറികളോ കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെങ്കിൽ പൊതുജനങ്ങളും രക്ഷിതാക്കളും അത് നേരിട്ട് കണ്ട് സി.ജെ.പിയെ അറിയിക്കണമെന്നും കൂട്ടായ പങ്കാളിത്തത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles