നോർക്ക കെയർ ഇൻഷുറൻസ് ബോധവൽക്കരണം സംഘടിപ്പിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

ജിദ്ദ: കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി പ്രവാസികൾക്കായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ പദ്ധതിയെക്കുറിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പദ്ധതിയിൽ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച സാഹചര്യത്തിലാണ് കൂടുതൽ പ്രവാസികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്. ഷറഫിയയിലെ ഒ.ഐ.സി.സി ഓഫീസിൽ യു.എം. ഹുസ്സൈൻ മലപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു.

നോർക്ക പ്രവാസി ഐ.ഡി കാർഡുള്ള ജീവനക്കാർക്കും സ്റ്റുഡന്റ് വിസയിലുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്ന ഈ പദ്ധതിയെക്കുറിച്ചും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ വിശദീകരിച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി 5 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുന്നത്. 70 വയസ്സ് വരെയുള്ള പ്രവാസികൾക്ക് ഇതിൽ പങ്കാളികളാകാം. നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ ലഭിക്കുമെന്നതും മെഡിക്കൽ പരിശോധനയോ ഹെൽത്ത് ഡിക്ലറേഷനോ ആവശ്യമില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. കേരളത്തിലെ 668 ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെയുള്ള 24,000-ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യമുണ്ട്. നിലവിൽ 1.32 ലക്ഷത്തിലധികം പ്രവാസികൾ പദ്ധതിയിൽ ചേർന്നതായും ജൂലൈ 31 വരെ 227 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ നോർക്ക ഐ.ഡി കാർഡുകളുടെ വിതരണം നാസർ സൈൻ തൃശൂർ നിർവ്വഹിച്ചു. ഫൈസൽ മക്കരപ്പറമ്പ്, ഗഫൂർ വണ്ടൂർ, കമാൽ കളപ്പാടൻ, സമീർ പാണ്ടിക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും സി.പി. മുജീബ് നാണി നന്ദിയും രേഖപ്പെടുത്തി. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 8 മണി മുതൽ ഷറഫിയയിലെ ഒ.ഐ.സി.സി ഓഫീസിൽ പ്രവർത്തിക്കുന്ന ‘പ്രവാസി സേവന കേന്ദ്രം’ വഴി നോർക്ക പദ്ധതികളിൽ ചേരുന്നതിനുള്ള സൗജന്യ സേവനം ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. നൗഷാദ് ബഡ്‌ജറ്റ്, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ, അനസ് നീലാഞ്ചേരി, ഉസ്മാൻ കുണ്ടുകാവിൽ, മുഹമ്മദ് ഓമാനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles