ദമ്മാം. ഇന്ത്യമാഹാരാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുന്നതിന്റ ഭാഗമായി ‘യങ് ഇന്ത്യ, സ്ട്രോങ്ങ് ഡെമോക്രസി’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ജനസഭ സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് ജനസമ്പത്താണെന്നും ഏറ്റവും വലിയ ശക്തി യുവശക്തിയാണെന്നും ജനസഭ അഭിപ്രായപ്പെട്ടു.
യുവജനങ്ങളെ ക്രിയാത്മകമായും പ്രത്യുത്പന്നപരമായും ഉപയോഗിക്കുകയാണ് ഏതൊരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ചെയ്യേണ്ടതെന്നും അതിന് യുവജനങ്ങളെ ജനാതിപത്യ വത്കരിക്കൽ അനിവാര്യമാണെന്നും ജനസഭ വ്യക്തമാക്കി. യുവശക്തിയെ ജനാതിപത്യ വത്കരിക്കുന്നതിൽ സർക്കാറുകൾക്ക് വലിയ പങ്കുണ്ടെന്നും അത് നിർവഹിക്കാൻ ഭരണകൂടങ്ങൾ തയാറാവണമെന്നും ജനസഭ ആവശ്യപ്പെട്ടു.
അരാഷ്ട്രീയ വത്കരണത്തിൽനിന്നും മുക്തമായൊരു യുവ തലമുറയെ വാർത്തെടുക്കുന്നതിൽ സാമൂഹ്യ സംഘടനകൾക്കും വലിയ പങ്കുണ്ട് അതിന് കൂട്ടമായ പ്രയത്നം ആവശ്യമാണെന്നും വിവിധ സംഘടന പ്രതിനിധികൾ ഓർമപ്പെടുത്തി. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന ജനസഭ ഐസിഎഫ് റീജിയൻ പ്രസിഡന്റും ലോകകേരളസഭ അംഗവുമായ അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല ആമുഖ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി പ്രസിഡന്റ് ശംസുദ്ദിൻ സഅദി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമാനി പ്രാർത്ഥന നിർവഹിച്ചു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപ്പുഴ, കെഎംസിസി പ്രൊവിൻസ് വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ്, നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, ഒഐസിസി റീജിയൻ വൈസ് പ്രസിഡന്റ് ശംസുദ്ദിൻ, സിറാജ് ലേഖകൻ റഫീഖ് ചെമ്പോത്തറ, ആർഎസ്.സി കലാലയം ഗ്ലോബൽ അംഗം സാദിഖ് സഖാഫി ജഫനി പ്രസംഗിച്ചു.
ഐസിഎഫ് ചാപ്റ്റർ ഡെപ്യൂട്ടി പ്രസിഡന്റ് അൻവർ കളറോട് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. റീജിയൻ പിആർ & മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് മോഡറേറ്റർ ആയിരുന്നു. ഓർഗണൈസേഷൻ സെക്രട്ടറി മുനീർ തോട്ടട സ്വാഗതാവും ജഅഫർ സ്വാദിഖ് നന്ദിയും പറഞ്ഞു.



