ടെഹ്‌റാൻ: തെക്കൻ ലെബനനിലെ നബാത്തിയ പ്രദേശത്ത് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ഒരേ കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഇറാൻ. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കാൻ ലെബനന് പൂർണ്ണ നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഖേയി വ്യക്തമാക്കി. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക തത്വങ്ങളും പരസ്യമായി ലംഘിക്കുമ്പോഴും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുലർത്തുന്ന മൗനവും നിഷ്ക്രിയത്വവും പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടിയ ഇറാൻ, അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം ഉടനടി പിന്മാറണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ, സാധാരണക്കാർക്ക് നേരെ നടന്ന ഈ ക്രൂരമായ കൂട്ടക്കൊലയ്ക്ക് വരും ദിവസങ്ങളിൽ കൃത്യമായ തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ വീടുകളും ഗ്രാമങ്ങളും തകർത്ത് ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും, ഇത്തരം അക്രമങ്ങൾക്കും പരമാധികാര ലംഘനങ്ങൾക്കും ഇസ്രയേലിനൊപ്പം അവരെ അന്ധമായി പിന്തുണയ്ക്കുന്ന അമേരിക്കയും ഒരുപോലെ ഉത്തരവാദികളാണെന്നും ഹിസ്ബുള്ള കൂട്ടിച്ചേർത്തു. അതേസമയം, നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും ഹിസ്ബുള്ളയെ നിരായുധീകരിക്കാനുമായി അമേരിക്കയുടെ മധ്യസ്ഥതയിൽ ജൂൺ 26-ന് തയ്യാറാക്കിയ കരാർ ലെബനന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹിസ്ബുള്ള പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.



