രാഹുൽ ഗാന്ധിക്കെതിരായ സവർക്കർ അപകീർത്തിക്കേസ്: ഗവേഷകന്റെ ഹർജി പുണെ കോടതി തള്ളി; 20,000 രൂപ പിഴ വിധിച്ചു

പുണെ: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സവർക്കർ അപകീർത്തിക്കേസിൽ കക്ഷിചേരണമെന്ന ഗവേഷകൻ പങ്കജ് കെ. ഫഡ്നിസിന്റെ ഹർജി പുണെ കോടതി തള്ളി. കോടതിയുടെ സമയം പാഴാക്കിയതിന് ഹർജിക്കാരന് 20,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പുണെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് അമോൽ ശ്രീറാം ഷിൻഡെയുടേതാണ് ഈ ഉത്തരവ്. വിനായക് ദാമോദർ സവർക്കറുടെ കുടുംബാംഗമോ അടുത്ത ബന്ധുവോ അല്ലാത്ത ഒരാൾക്ക് കേസിൽ ഇടപെടാൻ നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. സി.ആർ.പി.സി സെക്ഷൻ 199 പ്രകാരം സ്വയം ബാധിത വ്യക്തിയാണെന്ന് അവകാശപ്പെടാനോ വികാരം വ്രണപ്പെട്ടുവെന്ന് കാണിച്ച് സ്വകാര്യ അപകീർത്തിക്കേസിൽ ഇടപെടാനോ ഹർജിക്കാരന് സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. പിഴത്തുക പുണെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് നിർദ്ദേശം.

2023 മാർച്ച് മാസം യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ സവർക്കറുടെ സഹോദരപൗത്രൻ സത്യകി സവർക്കറാണ് പരാതി നൽകിയത്. സവർക്കറെക്കുറിച്ച് 25 വർഷത്തിലേറെയായി ഗവേഷണം നടത്തുന്നുണ്ടെന്നും മൂന്ന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി, ചരിത്രരേഖകൾ ഹാജരാക്കാൻ കക്ഷിചേർക്കണമെന്ന് ഫഡ്നിസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പരാതിക്കാരനായ സത്യകി സവർക്കറും പ്രതിയായ രാഹുൽ ഗാന്ധിയും ഒരുപോലെ കോടതിയിൽ ഈ നീക്കത്തെ എതിർത്തു. സ്വകാര്യ ക്രിമിനൽ പരാതികളിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ നിയമമില്ലെന്നും പുസ്തകങ്ങളുടെ പ്രചാരണത്തിനും വിചാരണ വൈകിപ്പിക്കാനുമാണ് ഹർജിക്കാരൻ ശ്രമിക്കുന്നതെന്നും സത്യകിയുടെ അഭിഭാഷകൻ വാദിച്ചു. മൂന്നാം കക്ഷിയുടെ ഇടപെടൽ ന്യായമായ വിചാരണയ്ക്കുള്ള രാഹുൽ ഗാന്ധിയുടെ അവകാശത്തെ ബാധിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

 

Related Articles

- Advertisement -spot_img

Latest Articles