ബെയ്റൂത്ത്: അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ വെടിനിർത്തൽ കരാറിൻ്റെ മറവിൽ ഇസ്രായേൽ ലബനന് നേരെ യാതൊരുവിധ പ്രത്യാഘാതങ്ങളും ഭയക്കാതെ നിരന്തരം ആക്രമണങ്ങൾ നടത്തുകയാണെന്ന് ബാർഡ് കോളേജിലെ മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ സിയാദ് അബൂ റിഷ്. തെക്കൻ ലബനൻ കൈയടക്കിവെക്കാനും ഹിസ്ബുള്ളയെയും ലബനനിലെ സാധാരണക്കാരായ ജനങ്ങളെയും കഠിനമായി അടിച്ചമർത്താനുമാണ് ബെഞ്ചമിൻ നെതന്യാഹു ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകർ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച 11 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം വെടിനിർത്തൽ കരാറിനുശേഷം ഇസ്രായേൽ തുടരുന്ന കൃത്യമായ ആക്രമണ ശൈലിയുടെ ഭാഗമാണെന്ന് അൽ ജസീറയോട് സംസാരിക്കവേ അബൂ റിഷ് വ്യക്തമാക്കി. ലബനനിലെ ജനങ്ങൾക്ക് മേലും ഹിസ്ബുള്ളയ്ക്ക് മേലും യാതൊരു തടസ്സവുമില്ലാതെ പ്രഹരമേൽപ്പിക്കാൻ ഇസ്രായേലിന് യു.എസ് അനുവാദം നൽകിയിരിക്കുകയാണ്. ജൂൺ 19 നും 23 നും ഇടയിൽ ടെഹ്റാൻ വാഷിംഗ്ടണുമായുള്ള ധാരണയുടെ ഭാഗമായി സമ്മർദ്ദം ചെലുത്തിയപ്പോൾ മാത്രമാണ് വെടിനിർത്തൽ യഥാർത്ഥത്തിൽ നിലനിന്നതെന്നും ബാക്കി സമയങ്ങളിലൊക്കെ അത് പേരിനു മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലബനൻ സർക്കാരുമായി അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിൽ, ബെയ്റൂത്ത് നഗരത്തെ ഒഴിവാക്കുന്നതിന് പകരം തെക്കൻ ലബനനിലും ബെക്കാ താഴ്വരയിലും ആക്രമണങ്ങളും അധിനിവേശവും തുടരാമെന്ന ഉപാധിയാണ് ഇസ്രായേൽ മുന്നോട്ടുവെച്ചത്. ഇതിൻ്റെ ഫലമായി തെക്കൻ ലബനനിലെ ജനങ്ങൾ ഇസ്രായേലിൻ്റെ അധിനിവേശത്തിന് കീഴിലും ബോംബാക്രമണങ്ങൾക്കിടയിലുമാണ് ജീവിക്കുന്നത്. വെടിനിർത്തൽ കാലയളവിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടത്. ജനവാസ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, ചരിത്രപരമായ കോട്ടകൾ, കാർഷിക ഭൂമികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് അബൂ റിഷ് കൂട്ടിച്ചേർത്തു.



