ജുബൈൽ : ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ അധ്യാപകനും സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ എൻ. സനിൽകുമാറിന്റെ ആദ്യ പുസ്തകം ‘ടൈം സോണുകളിലെ മൂന്നു കുട്ടികൾ’ പ്രകാശനം ചെയ്തു. തൃശ്ശൂർ ചേറൂർ സാഹിതി സാംസ്കാരിക വേദിയിൽ നടന്ന ചടങ്ങിൽ, ദശാബ്ദങ്ങളുടെ അധ്യാപന പാരമ്പര്യമുള്ള പ്രമുഖ എഴുത്തുകാരിയും അധ്യാപികയുമായ എം. ഡി. രത്നമ്മയാണ് പുസ്തകം പ്രകാശനം ചെയ്തുതത്. പ്രശസ്ത എഴുത്തുകാരിയും കേരളവർമ്മ കോളേജിന്റെ മുൻ പ്രിൻസിപ്പലുമായ ഡോ. സരസ്വതി ബാലകൃഷ്ണൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ലോകവുമായി സംവദിച്ചുകൊണ്ട്, പരമ്പരാഗത അറിവധികാര അതിരുകൾക്കപ്പുറത്തേക്ക് കടന്നുചെല്ലുന്ന ഒരു ആന്തരിക യാത്രയാണ് സനൽ മാഷിന്റെ കൃതി വായനക്കാർക്ക് സമ്മാനിക്കുന്നത്. നോറ ബുക്‌സ് പ്രസാധനം ചെയ്തിരിക്കുന്ന പുസ്തകത്തിന് മനോഹരമായ കവർ ഡിസൈൻ ഒരുക്കിയിരിക്കുന്നത്, ജുബൈൽ സ്‌കൂളിലെ തന്നെ അധ്യാപകനായ എം. സി. സുനിൽ കുമാറാണ്.
സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി അക്ഷരസ്നേഹികളും പങ്കെടുത്ത ചടങ്ങിന് ചേറൂർ സാഹിതി സാംസ്കാരിക വേദി ചെയർമാൻ ഉണ്ണികൃഷ്ണൻ, നോറ ബുക്‌സ് പ്രതിനിധി മഞ്ജു എന്നിവർ നേതൃത്വം നൽകി. പ്രവാസലോകത്തുനിന്നും സനൽ മാഷിന്റെ ജന്മനാടായ പന്തളത്തുനിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ഗ്രന്ഥകർത്താവായ എൻ. സനിൽകുമാർ ചടങ്ങിൽ മറുപടി പ്രസംഗവും ഏവർക്കും നന്ദിയും രേഖപ്പെടുത്തി.



