അൽ അഹ്സ: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ വിശ്രമജീവിതം നയിക്കവേ അന്തരിച്ച ആദ്യകാല ഒ.ഐ.സി.സി ഷുഖൈക്ക് യൂണിറ്റ് പ്രസിഡന്റും അൽ അഹ്സ ഒ.ഐ.സി.സി അംഗവുമായ ശാഹുൽ ഹമീദ് പൊന്നാനിയുടെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ അൽ അഹ്സയിലെ ഷുഖൈക്കിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ഉസ്താദ് ഫാറൂഖ് സഅദി നേതൃത്വം നൽകി.
ഒ.ഐ.സി.സി അൽ അഹ്സ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകനും ഒ.ഐ.സി.സി അൽ അഹ്സ വൈസ് പ്രസിഡന്റുമായ അർശദ് ദേശമംഗലം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിൽ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ മറന്നുപോവുന്ന അനേകായിരങ്ങൾക്ക് ഉത്തമ ഉദാഹരണമായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട ഹമീദ്ക്കയെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ അവസാനം വാടക വീട്ടിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്.
ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു വർഷം മുൻപാണ് ഹമീദ് പൊന്നാനി നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസും മറ്റു ചികിത്സകളുമായി മുന്നോട്ട് പോയെങ്കിലും ഇരു വൃക്കകളും തകരാറിലായി അത്യാസന്ന നിലയിലാവുകയും തുടർന്ന് ഓഗസ്റ്റ് 8-ന് മരണപ്പെടുകയുമായിരുന്നു.
യോഗത്തിൽ ഒ.ഐ.സി.സി ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റഫീഖ് വയനാട്, നവാസ് കൊല്ലം, ജനറൽ സെക്രട്ടറി റഷീദ് വരവൂർ, ട്രഷറർ ഷിജൊമോൻ വർഗ്ഗീസ്, നവോദയ ഷുഖൈക്ക് യൂണിറ്റ് പ്രസിഡന്റ് കൃഷ്ണൻ, നവയുഗം ഷുഖൈക്ക് യൂണിറ്റ് ജനറൽ സെക്രട്ടറി അബൂബക്കർ, അനിരുദ്ധൻ കായംകുളം, ഷാനി ഓമശ്ശേരി, ലിജു വർഗ്ഗീസ്, മൊയ്തു അടാടിയിൽ, ഹഫ്സൽ മേലേതിൽ, നൗഷാദ് താനൂർ, ഷിബു മുസ്തഫ, സബാസ്റ്റ്യൻ വി.പി, അനീഷ് സനയ്യ, റിജോ ഉലഹന്നാൻ, ജിബിൻ മാത്യു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിസാം വടക്കേകോണം സ്വാഗതവും അനിൽകുമാർ ഷുഖൈക്ക് നന്ദിയും പറഞ്ഞു.



