മാടാക്കര പള്ളിയിലെ സംഘർഷവും പോലീസ് ലാത്തിച്ചാർജ്ജും: ശക്തമായ നടപടി വേണമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: ഒഞ്ചിയം മാടാക്കര കണ്ണൂക്കര മുഹിയുദ്ദീൻ മസ്ജിദിൽ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ ചേരിതിരിവിനും സംഘർഷത്തിനും പിന്നാലെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ വൻ പ്രതിഷേധം. പള്ളിക്കകത്ത് കയറി വിശ്വാസികൾക്ക് നേരെ അതിക്രമം അഴിച്ചുവിട്ട ചോമ്പാല സി.ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ, സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എം.എൽ.എ എന്നിവർ ആവശ്യപ്പെട്ടു. അനാവശ്യമായി പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി അസഭ്യം പറയുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്ത നടപടി അപലപനീയമാണെന്നും ആഭ്യന്തര വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വർഷങ്ങളായി പള്ളിയിലെ ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി പൊന്മളയെ മാറ്റുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മഹല്ലിൽ തർക്കങ്ങൾ നിലനിന്നിരുന്നു. പ്രശ്നപരിഹാരത്തിനായി പാണക്കാട് വെച്ച് നടത്തിയ ചർച്ചയിൽ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച ജുമ നമസ്കാരത്തിന് നേതൃത്വം നൽകാൻ തീരുമാനമായിരുന്നു. എന്നാൽ, നബിദിനവുമായി ബന്ധപ്പെട്ട് ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്താനുള്ള നീക്കത്തെ എതിർവിഭാഗം ചോദ്യം ചെയ്തതോടെയാണ് തിങ്കളാഴ്ച രാത്രി വാക്കേറ്റവും സംഘർഷവുമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പോലീസ് സ്റ്റേഷനിൽ വെച്ച് ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നെങ്കിലും രാത്രിയോടെ സ്ഥിതി വീണ്ടും വഷളാകുകയായിരുന്നു.

തുടർന്ന് മഹല്ല് കമ്മിറ്റി വിവരമറിയിച്ചതിനെ തുടർന്നെത്തിയ ചോമ്പാല പോലീസ് പള്ളിക്കുള്ളിൽ പ്രവേശിച്ച് ലാത്തിവീശി ആളുകളെ പിരിച്ചുവിടുകയും രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയക്കുകയും ചെയ്തു. സാമാധാനാന്തരീക്ഷം വീണ്ടെടുക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കൾ, നിസ്സാര തർക്കങ്ങളെ പഴുതാക്കി വിശ്വാസികളെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles