കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വീണ്ടും സംഘർഷം. ജയിലിലെ അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടിക്കാണ് മർദ്ദനമേറ്റത്. ഭക്ഷണവിതരണ സമയത്തുണ്ടായ വാക്കുതർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. അഞ്ചാം ബ്ലോക്കിലെ തന്നെ സഹതടവുകാരനായ കിരൺ രാജ് ഷെട്ടിയാണ് രാമൻകുട്ടിയെ മർദ്ദിച്ചത്.
കഴിഞ്ഞദിവസവും ജയിലിനുള്ളിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും കോട്ടയം സ്വദേശിയായ മനു എന്ന തടവുകാരന് കുത്തേൽക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയിലിനുള്ളിൽ വീണ്ടും അക്രമസംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജയിലിനുള്ളിൽ തുടർച്ചയായുണ്ടാകുന്ന സുരക്ഷാ വീഴ്ചകളെക്കുറിച്ചും തടവുകാർ തമ്മിലുള്ള കൈയേറ്റങ്ങളെക്കുറിച്ചും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



