നോർക്ക റൂട്ട്സ് പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവുമായി റിയാദ് കെ.എം.സി.സി

റിയാദ്: വിദേശ മലയാളി ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് പ്രവാസികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. ബത്ഹയിലെ ഓഫീസിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ഷാഫി തുവ്വൂർ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷമീർ പറമ്പത്ത് സ്വാഗതവും ബഷീർ ഇരുമ്പുഴി നന്ദിയും രേഖപ്പെടുത്തി.നോർക്ക അംഗത്വം, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതി, പ്രവാസി ക്ഷേമനിധി തുടങ്ങി നിരവധി പദ്ധതികളെക്കുറിച്ച് സെൻട്രൽ കമ്മിറ്റി നോർക്ക സമിതി ജനറൽ കൺവീനർ ഫൈസൽ പൂനൂർ ചടങ്ങിൽ വിശദീകരിച്ചു.

തുടർന്ന് പങ്കെടുത്ത പ്രവാസികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. 18 മുതൽ 70 വയസ്സ് വരെയുള്ള പ്രവാസികൾക്ക് ഓൺലൈനായി അംഗത്വമെടുക്കാവുന്ന ‘നോർക്ക കെയർ പ്ലസ്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 18-നാണ് നടന്നത്. പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ 18 വരെയാണ്. 5 ലക്ഷം മുതൽ 1 കോടി രൂപ വരെ പരിരക്ഷ ഉറപ്പുനൽകുന്ന ഈ ഇൻഷുറൻസിൽ, 80 വയസ്സിന് താഴെയുള്ള മാതാപിതാക്കളെയും രണ്ടു കുട്ടികളിൽ കൂടുതലുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികളെയും ഉൾപ്പെടുത്താൻ സാധിക്കും. കേരളത്തിലെ നൂറുകണക്കിന് ആശുപത്രികളിൽ പദ്ധതി വഴി ചികിത്സാ സൗകര്യം ലഭ്യമാണ്.

ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ്‌ വെള്ളേപ്പാടം, സത്താർ താമരത്ത്, അസീസ് വെങ്കിട്ട, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, റഫീഖ് മഞ്ചേരി എന്നിവർ സംസാരിച്ചു. നോർക്ക സമിതി അംഗങ്ങളായ ബഷീർ ചുള്ളിക്കോട്, ഹനീഫ മൂർക്കനാട്, നിഷാദ് കരിപ്പൂർ, നസീർ കണ്ണീരി, സുധീർ വയനാട്, യൂനുസ് തോട്ടത്തിൽ, അസീസ് വയനാട്, ഹാരിസ് ആലപ്പുഴ, ലത്തീഫ് കട്ടിപ്പാറ, നൗഫൽ ചാപ്പപ്പടി, ഷബീർ മണ്ണാർക്കാട് എന്നിവർ ബോധവൽക്കരണ ക്ലാസ് നിയന്ത്രിച്ചു.

Related Articles

- Advertisement -spot_img

Latest Articles